അര്‍ബുദ ചികിത്സ രംഗത്ത് അനന്ത സാധ്യതകള്‍ തുറക്കാന്‍ പാലാ ജനറല്‍ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടം നിര്‍മ്മാണം പുരോഗമിക്കുന്നു. ഡിസംബറോടെ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രാരംഭഘട്ടത്തിലുള്ള എല്ലാ ചികിത്സകള്‍ക്കുമൊപ്പം ടാര്‍ഗെറ്റ ്‌തെറാപ്പി,ഹോര്‍മോണ്‍ തെറാപ്പി, കീമോ തെറാപ്പി തുടങ്ങിയവയ്ക്കുള്ള സൗകര്യവുമുണ്ട്. റേഡിയേഷന്‍ വിഭാഗത്തിനായുള്ള സജ്ജീകരണങ്ങളും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാകും. 
ജോസ.്‌കെ.മാണി എം.പി കേന്ദ്ര ആണവോര്‍ജ്ജവകുപ്പിനു സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ക്യാന്‍സര്‍ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളെത്തുന്നത്. അഞ്ച് കോടി രൂപയാണ്് പദ്ധതി തുക. കൂടാതെ കെ.എം. മാണി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കെട്ടിട നിര്‍മ്മാണത്തിനായി ഒരു കോടി രൂപയും ആരോഗ്യവകുപ്പില്‍ നിന്നും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി 10 ലക്ഷം രൂപയുടെ പ്രത്യേക പാക്കേജും അനുവദിച്ചിട്ടുണ്ട്. കൂടാതെ മരുന്നുകള്‍ വാങ്ങുന്നതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) 7.5 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി കാത്ത് ലാബ് ബ്ലോക്കില്‍ തന്നെ കാന്‍സര്‍ വാര്‍ഡും ഒ.പിയും ഉള്‍പ്പെടുത്തും. ഇതോടൊപ്പം റേഡിയേഷന്‍ ചികിത്സയ്ക്കുള്ള അത്യാധുനിക ടെലികൊബാള്‍ട്ട് മെഷീന്‍, ടെലി കൊബാള്‍ട്ട്‌സോഴ്‌സ്, റേഡിയേഷന്‍ സിമുലേറ്റര്‍, ട്രീറ്റ്‌മെന്റ് പ്ലാനിങ് സിസ്റ്റം എന്നിവയും സ്ഥാപിക്കും. ഇത്തരത്തില്‍ ആശുപത്രിയെ മികച്ച നിലവാരത്തിലുള്ള ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
സാധാരണക്കാര്‍ക്കു താങ്ങാനാവുന്നതിലുമധികമാണ് ക്യാന്‍സര്‍ ചികിത്സ ചെലവ്.കാന്‍സറിനുള്ള വിദഗ്ധചികിത്സ ആരംഭിച്ചതോടെ നൂറുകണക്കിന് രോഗികളാണ്് പാലാ ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്.
നിലവില്‍ റേഡിയേഷന്‍ വിഭാഗത്തിന്റെ ചുമതല ഡോ. പി.എസ് ശബരീനാഥിനാണ്. പ്രത്യേക ചികിത്സാ വിഭാഗമാക്കുമ്പോള്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കും. 2012 ല്‍ കാന്‍സര്‍ ചികിത്സാ സൗകര്യം തുടങ്ങിയിരുന്നെങ്കിലും ഒരു പ്രത്യേക വിഭാഗമായി മാറിയത് ഈ വര്‍ഷം മുതലാണ്. 
നിലവില്‍ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയകള്‍ ഇവിടെ ചെയ്യുന്നുണ്ട്. ഒരു തിയറ്റര്‍ മാത്രമുള്ളതുകൊണ്ട് സീരിയസ് കേസുകള്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്യുന്ന അവസ്ഥയാണിപ്പോള്‍. പുതിയ കെട്ടിടം വരുന്നതോടെ സമ്പൂര്‍ണ്ണ ക്യാന്‍സര്‍ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ ഡോ.പി.എസ് ശബരീനാഥ് പറഞ്ഞു.