തെളിനീരൊഴുകും നവകേരളം- ആരോഗ്യ ജാഗ്രത 22′ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ജലസമിതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. ജനപങ്കാളിത്തത്തോടെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിനും അവയെ ശുചിയായി സംരക്ഷിക്കുന്നതിനും ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന നവകേരളം കര്‍മ്മപദ്ധതിയുടെ രണ്ടാം ഘട്ടമാണ് ‘തെളിനീരൊഴുകും നവകേരളം’.
വറ്റിപ്പോയ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിലവിലുള്ളവയെ നിലനിര്‍ത്താനുമുള്ള ശ്രമമാണ് തെളിനീരൊഴുകും നവകേരളം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണവും ഉദ്യോഗസ്ഥരുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവും ഒത്തുചേര്‍ന്നാല്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കാനാകുമെന്നും ശില്‍പശാല ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് തലത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജലാശയങ്ങളിലെ മലിനീകരണത്തിന്റെ സ്രോതസ് മനസിലാക്കി അവ തടയാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഹുമയൂണും ആരോഗ്യ ജാഗ്രത 2022 പ്രവര്‍ത്തന മാര്‍ഗ്ഗരേഖ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ഫെയ്സിയും അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ വെല്ലുവിളികളും വിവിധ വകുപ്പുകളുടെ ഏകോപനവും എന്ന വിഷയത്തെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോസ് ഡിക്രൂസ് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം അധ്യക്ഷത വഹിച്ചു.