പ്രളയത്തില്‍ വീടു തകര്‍ന്ന രത്നമ്മയ്ക്ക് പ്രളയത്തെ അതിജീവിക്കുന്ന വീട് സ്വന്തമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍റെ കയ്യില്‍ നിന്നും പുതിയ വീടിന്‍റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ 83 കാരിയുടെ മുഖത്ത് നിറപുഞ്ചിരി.
സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതിയിലൂടെയാണ് ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡിലെ വൈക്കരത്തുകരചിറ സ്വദേശിനിയായ രത്നമ്മയ്ക്ക് പുതിയ വീട് ലഭിച്ചത്. ആലപ്പുഴ കർമ്മ സദനിൽ നടന്ന കെയര്‍ ഹോം ഒന്നാം ഘട്ട പൂര്‍ത്തീകരണ ചടങ്ങിലായിരുന്നു താക്കോല്‍ ദാനം.
പാടത്ത് പണിയെടുത്ത് ലഭിച്ച വരുമാനംകൊണ്ട് ഒരുക്കിയ വീട് 2018ലെ പ്രളയത്തിലാണ് രത്നമ്മക്ക് നഷ്ടമായത്. അതിനുശേഷം മകനും മരുമകളും പേരക്കുട്ടികളും അടങ്ങുന്ന കുടംബത്തിനൊപ്പം താത്കാലിക ഷെഡ്ഡിലായിരുന്നു താമസം. പ്രളയ ഭയം മറന്നാണ് തൂണുകള്‍ക്കു മുകളില്‍ സുരക്ഷിതമായി ഒരുക്കിയ വീട്ടില്‍ രത്നമ്മയും കുടുംബവും താമസം തുടങ്ങുന്നത്.