ഭിന്നശേഷിക്കാരെ ചേര്‍ത്തു നിര്‍ത്തുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കായി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ചെങ്ങന്നൂരിൽ ഇത്തരം ഒരു പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിച്ചു വരികയാണ്- മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പാലിയേറ്റീവ് കെയർ ഉപകരണങ്ങളുടെയും ആവാസ് പ്ലസ് ഭവന നിർമ്മാണത്തിന്റെ ആദ്യ ഗഡു വിതരണത്തിന്റെയും ഉദ്‌ഘാടനം മന്ത്രി നിര്‍വഹിച്ചു.

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കുന്നത്. യു. പ്രതിഭ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായി നിയമിതനായ ബാലമുരളി കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു.