ആലപ്പുഴയിലെ മികച്ച രണ്ടാമത്തെ കര്‍ഷനുള്ള പുരസ്കാരം നേടിയ കാർത്തികപ്പള്ളി മഹാദേവികാട് കെ.പി. പുത്തൻ വീട്ടിൽ ഉദയകുമാര്‍ സമ്മാനത്തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ആലപ്പുഴ ടൗൺ ഹാളിൽ നടന്ന പച്ചക്കറി കൃഷി വികസന പദ്ധതി അവാർഡ് ദാന ചടങ്ങിൽ വെച്ചുതന്നെ കൃഷി മന്ത്രി പി. പ്രസാദിനാണ് തുക കൈമാറിയത്.
പുരസ്കാരത്തിനൊപ്പം സമ്മാനത്തുക ലഭിക്കുന്നത് ഇതാദ്യമാണ്. ഈ തുക നല്ലൊരു കാര്യത്തിനായി വിനിയോഗിക്കാമെന്നു കരുതി. കുടുംബവും അതിനെ പിന്തുണച്ചു-ഉദയകുമാര്‍ പറഞ്ഞു.
പതിനൊന്ന് വർഷമായി കാര്‍ഷിക മേഖലയില്‍ സജീവമായ ഇദ്ദേഹം നാല് ഏക്കർ സ്ഥലത്താണ് ഇപ്പോള്‍ കൃഷി നടത്തുന്നത്. ഇതില്‍ പകുതി സ്വന്തം സ്ഥലവും ബാക്കി പാട്ടത്തിനെടുത്തതുമാണ്. പാവൽ, പടവലം, നിത്യ വഴുതന, ചീര, തക്കാളി തുടങ്ങിയവയും കിഴങ്ങ് വർഗങ്ങളുമാണ് മുഖ്യ ഇനങ്ങൾ. കാർത്തികപ്പള്ളിയിൽ എക്കോ ഷോപ്പുമുണ്ട്.
കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും പിന്തുണ കൃഷിക്ക് ഏറെ സഹായകമാകുന്നുണ്ടെന്ന് ഉദയകുമാര്‍ പറഞ്ഞു.