തിരുവനന്തപുരം: സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായ തെളിനീരൊഴുകും നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല  ലോഗോ, മാസ്‌കോട്ട്, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാറില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ലോഗോ ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശൈലജാ ബീഗം മാസ്‌കോട്ടും ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ആര്‍ സലൂജ ബ്രോഷറും ഏറ്റുവാങ്ങി.

ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോഗോ, മാസ്‌കോട്ട്, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്തത്.  ഏപ്രില്‍ 22 വരെയാണ് ജനകീയ ശുചീകരണ യജ്ഞത്തിന്റെ ക്യാമ്പയിന്‍. പുഴകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാനുള്ള ഇനി ഞാന്‍ ഒഴുകട്ടെ കര്‍മ്മ പദ്ധതിയുടെ തുടര്‍ച്ചയായാണ് തെളിനീരൊഴുകും നവകേരളം പദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹ്യൂമയൂണ് അറിയിച്ചു.