‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന സന്ദേശവുമായി ലോക ജലദിനത്തില്‍ പള്ളിച്ചല്‍ തോടില്‍ ജലനടത്തം സംഘടിപ്പിച്ചു. ഐ.ബി സതീഷ് എം.എല്‍.എ.  ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും നമുക്ക് വെള്ളം കിട്ടണമെങ്കില്‍ കിണറുകളും കുളങ്ങളും വറ്റാതിരിക്കണമെന്നും ഇതിനായി എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജ് നടപ്പിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു.

പുഴകള്‍, നീര്‍ച്ചാലുകള്‍, തോടുകള്‍, അരുവികള്‍ എന്നിവയിലെ മാലിന്യങ്ങളും തടസങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ  ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിച്ചല്‍ തോട് മുതല്‍ പാറയില്‍ തോട് വരെയുള്ള അഞ്ച് കിലോമീറ്ററിലാണ് ജലനടത്തം സംഘടിപ്പിച്ചത്. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.