“ഇനി ഞാനൊഴുകട്ടെ ” പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി

മുൻകാലങ്ങളിൽ സമൃദ്ധമായി ഒഴുകിയിരുന്ന നദികൾ ജനകീയ കൂട്ടായ്മകളിലൂടെ വീണ്ടെടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനകീയ നീര്‍ച്ചാല്‍ ശുചീകരണ യജ്ഞം ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലാശയങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുന്നതിലൂടെ നാടിൻ്റെ വികസനം സാധ്യമാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമായാണ് ഇനി ഞാനൊഴുകട്ടെ പദ്ധതി ആവിഷ്കരിച്ചത്‌. 44 നദികളും സമൃദ്ധമായി മഴയും ഉണ്ടായിട്ടും കേരളത്തിൽ ചിലയിടങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നതിനുള്ള കാരണങ്ങളിലൊന്ന് ഭൂഗർഭജലത്തിൻ്റെ അളവിലുണ്ടാകുന്ന കുറവാണ്. ജലാശയങ്ങളെ വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിക്ക് കീഴിൽ മാണിക്കൽ പഞ്ചായത്തിൽ നടക്കുന്ന ‘പുഴയൊഴുകും മാണിക്കൽ’ പരിപാടിയുടെ സമഗ്ര പദ്ധതി രേഖ മാണിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലേഖാ കുമാരിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു.

മാണിക്കൽ പഞ്ചായത്തിനെ സമ്പൂർണ തരിശുരഹിത പഞ്ചായത്താക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന്
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഇതിൻ്റെ ഭാഗമായി പഞ്ചായത്തിലെ തരിശു കിടന്ന പത്ത് ഹെക്ടർ ഭൂമിയിൽ നെൽകൃഷി തുടങ്ങിയിട്ടുണ്ട്. അടുത്ത ഘട്ടമെന്നോണം ക്ഷീരകർഷകർക്ക് കൂടി ഉപയോഗപ്പെടുന്ന രീതിയിൽ തീറ്റപ്പുൽ കൃഷി ആരംഭിക്കും. വീട്ടമ്മമാർക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി ഞാനൊഴുകട്ടെ കാമ്പയിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇതുവരെ 412 കിലോമീറ്റര്‍ ദൂരം പുഴകളും 45,736 കിലോമീറ്റര്‍ ദൂരം തോടുകളും നീര്‍ച്ചാലുകളും വീണ്ടെടുത്തു. മൂന്നാംഘട്ടത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ ജലശൃംഖലകള്‍ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജലസ്രോതസ്സുകളില്‍ സ്വച്ഛമായ നീരൊഴുക്ക് ഉറപ്പാക്കുക വഴി മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശം.

ജലദിനാഘോഷങ്ങളുടെ ഭാഗമായി മാണിക്കല്‍ പഞ്ചായത്തിലെ മൂളയം ഏറകട്ടയ്ക്കാല്‍ പാടശേഖരത്തില്‍ വച്ച് കുട്ടികളുടെ വിവിധ മത്സരങ്ങളും ജലദിന പ്രതിജ്ഞ, സാംസ്‌കാരിക ഘോഷയാത്ര, ചലച്ചിത്ര പ്രദര്‍ശനം ഉള്‍പ്പെടെയുള്ള പരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി ജി.ആർ അനിൽ വിതരണം ചെയ്തു. പുഴവീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു.