ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ചേന്ദമംഗലം, ആലങ്ങാട് പഞ്ചായത്തുകളിലെ തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ചേന്ദമംഗലം പഞ്ചായത്തിൽ കൊരക്കര തോട്, ആലങ്ങാട് പഞ്ചായത്തിലെ മണവല തോട് എന്നിവിടങ്ങളിലാണ് പണികൾ ആരംഭിച്ചത്.

മാലിന്യം നിറഞ്ഞതുമൂലം വർഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ് ചേന്ദമംഗലം പഞ്ചായത്തിലെ കൊരക്കര തോട്. പെരിയാറിന്റെ കൈവഴിയായ തച്ചപ്പിള്ളി പുഴയുമായി ബന്ധിപ്പിക്കുന്ന തോടാണിത്. വേലിയേറ്റ സമയത്ത് വെള്ളം കൂടുതലും വേലിയിറക്ക സമയത്ത് വെള്ളം കുറവുമായിരിക്കും. മാലിന്യം നിറഞ്ഞതുമൂലം കറുത്ത കളറിലാണ് വെള്ളവും മണ്ണും കാണപ്പെടുന്നത്. തോടിന്റെ ഇരു വശങ്ങളിലും മരങ്ങൾ വളർന്ന് കാടുപിടിച്ച നിലയിലുമാണ്.

തോടിന്റെ 2.17 കിലോമീറ്റർ ദൂരമാണ് ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിക്കുന്നത്. തോട്ടിലെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യും. പുഴയിലേക്ക് വളർന്നു നിൽക്കുന്ന മരങ്ങളും നീക്കം ചെയ്യും. ഒരാഴ്ചക്കുള്ളിൽ പ്രവർത്തികൾ പൂർത്തിയാക്കും. പുഴയുടെ സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യം.

ആലങ്ങാട് പഞ്ചായത്തിലെ മണവല തോടിന്റെ 300 മീറ്റർ ഭാഗമാണ് ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിക്കുന്നത്. ചെളി അടിഞ്ഞു കൂടിയതുമൂലം തോടിന്റെ നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. ഓപ്പറേഷൻ വാഹിനി പദ്ധതിയിലൂടെ മുഴുവൻ ചെളിയും നീക്കം ചെയ്ത നീരൊഴുക്ക് വീണ്ടെടുക്കും. കൂടാതെ പുഴയുടെ വെള്ളം വഹിക്കുന്നതിനുള്ള ശേഷിയും വധിപ്പിക്കും. ഇത് വർഷക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കും.
കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും പ്രദേശവാസികൾ ആശ്രയിക്കുന്ന പെരിയാറിന്റെ കൈവഴിയാണ് മണവല തോട് . ഒരാഴ്ചക്കുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് രണ്ട് തോടുകളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.