സ്വഛ്‌സര്‍വേഷന്‍ ഗ്രാമീണ്‍ 2018 ന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പൊതുഇടങ്ങള്‍ ശുചീകരിക്കുന്ന ഉദ്യമത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മത്സരബുദ്ധിയോടെ നോക്കികാണണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷത വഹിച്ചു. ഈ മാസം പത്തിനകം ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ മേധാവികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ശുചീകരണ പ്രക്രിയയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച്  ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കബനി ക്ലാസെടുത്തു. അസി.കലക്ടര്‍ എസ്.അഞ്ജു, ഹരിതമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.