ഓൺലൈൻ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി എ പി ജെ അബ്ദുൽ  കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ‘സമത്വ’ ലാപ്‌ടോപ് വിതരണ പദ്ധതി അനുകരണീയവും അഭിനന്ദനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അഞ്ച് കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ അദ്ദേഹം കൈമാറി.
കേരളത്തിൽ ഇതാദ്യമായാണ് ഒരു സർവകലാശാല സ്വന്തം ഫണ്ടിൽ നിന്ന് നാലര കോടി രൂപ മുടക്കി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരം എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ തുടക്കത്തിൽ സൗജന്യമായി ലാപ്‌ടോപ്പുകൾ നൽകുക. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ  മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
വൈസ് ചാൻസിലർ ഡോ. രാജശ്രീ എം എസ്, പ്രൊ വൈസ് ചാൻസിലർ ഡോ. എസ്. അയൂബ്, രജിസ്ട്രാർ ഡോ. എ പ്രവീൺ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. കെ. ബിജു, അഡ്വ. ഐ. സാജു,  സഞ്ജീവ് ജി., ഡോ. ബി. എസ്. ജമുന, ഡോ. സി. സതീഷ് കുമാർ, ഡോ. വിനോദ് കുമാർ ജേക്കബ്, ഡോ. ജി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.