ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24 ന് വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ദേശീയ പുരസ്‌കാര മികവിലാണ് ഇത്തവണത്തെ ലോക ക്ഷയരോഗ ദിനാചരണം നടക്കുന്നത്. 2015നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് സംസ്ഥാനത്തിന് സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചത്. മികച്ച പ്രവർത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകൾക്ക് ഗോൾഡ് കാറ്റഗറിയിൽ പുരസ്‌കാരവും ലഭിച്ചു.
ക്ഷയരോഗ മുക്ത കേരളമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രവർത്തിക്കുകയാണ്. ക്ഷയരോഗ നിവാരണം വേഗത്തിൽ സാധ്യമാക്കുന്നതിന് ആരോഗ്യ പ്രവർത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.
‘ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവൻ സംരക്ഷിക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയരോഗ ദിന സന്ദേശം. 2019നെ അപേക്ഷിച്ച് 2021ൽ മാത്രം ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 15 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മരുന്നുകളോട് പ്രതികരിക്കാത്ത ക്ഷയരോഗ നിരക്കിലും പുതുതായി കണ്ടെത്തുന്ന കേസുകളുടെ എണ്ണത്തിലും ഒരു ശതമാനത്തിലും താഴെ കുറവുണ്ടായിട്ടുണ്ട്.