എറണാകുളം ജില്ലയിലെ പാമ്പാക്കുട ബ്ലോക്കിലെ കാർഷിക പഞ്ചായത്താണ് തിരുമാറാടി. വിനോദസഞ്ചാര മാപ്പിൽ ഉൾപ്പെട്ടിട്ടുള്ള തിരുമാറാടി, കാക്കൂർ കാളവയൽ കാർഷിക ഉത്സവത്തിന് പ്രസിദ്ധമാണ്. മുൻപ് രണ്ട് തവണ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള തിരുമാറാടിയെ ഇക്കുറിയും ഒന്നാമതെത്തിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. കഴിഞ്ഞ ഒരു വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ, ഭാവി പ്രതീക്ഷകൾഎന്നിവയെപ്പറ്റി സംസാരിക്കുകയാണ് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ

കൃഷിക്കാണ് പ്രാധാന്യം

കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള നടപടികൾക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്നു. ഇക്കുറി 25 ഏക്കറോളം പുഞ്ചപ്പാടത്തായിരുന്നു പുതുതായി കൃഷിയിറക്കിയത്. നിരവധി ചിറകൾ ഉള്ള പഞ്ചായത്തിൽ ഇവയെല്ലാം അരിക് കെട്ടി സംരക്ഷിച്ച് കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച കേരഗ്രാമം പദ്ധതിയുടെ പ്രവർത്തനവും മികച്ച രീതിയിൽ തന്നെയാണ് നടക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകർക്ക് ആവശ്യമായ വളവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. നിരവധി കേര കർഷകർക്കാണ് ഇതുവരെ പദ്ധതിയുടെ ഗുണഫലം ലഭിച്ചത്.

വായനശാലകളിൽ പ്രതിഭാ കേന്ദ്രങ്ങൾ

വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകുന്ന പ്രവർത്തനമാണ് വായനശാലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഭാ കേന്ദ്രങ്ങളുടേത്. മുൻഗണനാ വിഭാഗക്കാർക്കായി സ്കോളർഷിപ്പുകളും നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ മൊബൈൽ ഫോൺ , ലാപ്ടോപ് തുടങ്ങിയവയും വിതരണം ചെയ്തിരുന്നു. കുടുംബശ്രീയും അസാപ്പും സഹകരിച്ച് നടത്തിയ നൈപുണ്യ പരിശീലന പരിപാടിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന്‌ തെരഞ്ഞെടുത്ത 32 പേർക്ക് മൂന്നുമാസത്തെ പരിശീലനം നൽകി.

ഹരിതഗ്രാമമായി തിരുമാറാടി

ഖരമാലിന്യ സംസ്കരണത്തിലെ മികച്ച മാതൃകയ്ക്കുള്ള നവകേരള പുരസ്കാരത്തിൽ ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനത്തെത്തിയത് തിരുമാറാടി പഞ്ചായത്തായിരുന്നു. ഹരിത കർമസേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് തിരുമാറാടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമായി എല്ലാ വാർഡുകളിലും മിനി എം.സി.എഫുകളും ഒരു എം.സി.എഫും ഇവിടെയുണ്ട്. പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും കുപ്പിച്ചില്ല് ശേഖരിക്കാൻ കഴിഞ്ഞു. ഹരിത കർമ്മസേനാംഗങ്ങളുമായി സഹകരിക്കാത്തവർക്ക് പഞ്ചായത്തിൽ നിന്നുള്ള വ്യക്തിഗത സേവനങ്ങൾ നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്ത് ഭരണസമിതി. ഉറവിട മാലിന്യ സംസ്കരണത്തിനായി പൊതുജനങ്ങൾക്ക് ബയോ ബിൻ അടക്കമുള്ളവയും എത്തിച്ചുനൽകി.

പ്രതീക്ഷ ഉണർത്തുന്ന വിനോദസഞ്ചാര മേഖല

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള കാക്കൂർ കാളവയലാണ് ടൂറിസം മാപ്പിൽ തിരുമാറാടി പഞ്ചായത്തിനെ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി കോവിഡിനെ തുടർന്ന് നിറം മങ്ങിയ സ്ഥിതിയിലാണെങ്കിലും വരും വർഷങ്ങളിൽ ഏറെ പ്രശസ്തമായ കാളയോട്ട മത്സരങ്ങൾ അടക്കമുള്ളവയുമായി കാളവയൽ കൊഴുപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കുടുക്കപ്പാറ ചെക് ഡാമുമായി ബന്ധപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളും വാളിയപ്പാടം കമലമറ്റം ചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നുണ്ട്.

പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ നമ്പർ വൺ

കഴിഞ്ഞ തവണ 100 ശതമാനം തുകയും വിനിയോഗിച്ച പഞ്ചായത്ത് ഇക്കുറിയും നേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ 90 ശതമാനത്തിലധികം വിനിയോഗം നടത്തി എന്നത് മാർച്ച് അവസാനത്തോടെ നൂറിലേക്കെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

നികുതി പിരിവിലും ബഹുദൂരം മുൻപിൽ

നികുതിപിരിവിലും സെഞ്ച്വറി കടക്കാനാകും എന്ന പ്രതീക്ഷയിലാണ് തിരുമാറാടി പഞ്ചായത്ത്. ഇക്കുറി 100 ശതമാനം നികുതിയും പിരിച്ചെടുത്ത സംസ്ഥാനത്തെ ആദ്യ വാർഡ് തിരുമാറാടി പഞ്ചായത്തിലെ നാലാം വാർഡായ ഒലിയപ്പുറം നോർത്ത് ആണ്.

ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുക എന്നത് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്.പദ്ധതി നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്. ഭിന്നശേഷിക്കാർക്കായി വിവിധ ഉപകരണങ്ങളും വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പും നൽകുന്നുണ്ട്.

വയോജനങ്ങൾക്കായി പകൽ വീട്

വാർദ്ധക്യത്തിൻ്റെ ഏകാന്തത അനുഭവിക്കുന്നവർക്കായി പകൽവീട് മാതൃകയിൽ സംവിധാനം ഒരുക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.  വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്.

തണലേകുന്ന ലൈഫ്

ലൈഫ് ഭവന പദ്ധതി വഴി ആകെ 56 വീടുകളാണ് ഇതിനോടകം കൈമാറിയത്. ആകെ 17 വീടുകളാണ് ഒരു വർഷത്തിനിടെ നൽകിയത്. ഗുണഭോക്താക്കൾക്ക് ഇതുവരെയുള്ള മുഴുവൻ തുകയും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

കുടിവെള്ളക്ഷാമം കുറയ്ക്കാൻ പദ്ധതികൾ

ജല ജീവൻ പദ്ധതി വഴി 800 പേർക്കാണ് കുടിവെള്ള കണക്ഷൻ നൽകിയത്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നു. നിരവധി ചെറു ജലവിതരണ പദ്ധതികളും പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്.

അങ്കണവാടികളെ സ്മാർട്ട് ആക്കും

രണ്ട് സ്മാർട്ട് അങ്കണവാടികൾ ഉൾപ്പെടെ ആകെയുള്ള 17 അങ്കണവാടികളും നവീകരിച്ച് മികച്ച ഭൗതിക സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞു. കൂടുതൽ അങ്കണവാടികളെയും സ്മാർട്ടാക്കാൻ ഉള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

അഭിമുഖം: ഉമർ ഫാറൂഖ്