യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി എട്ടു ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ രാജ്യാന്തര മേളയ്ക്ക് നാളെ (വെള്ളി) തലസ്ഥാനത്ത് തിരശീല വീഴും. ഇറാൻ ,അഫ്‌ഗാൻ,തുർക്കി ,റഷ്യ, നൈജീരിയ,ആഫ്രിക്ക  തുടങ്ങി  60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

മത്സര വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത്  വനിതാ സംവിധായകരായിരുന്നു .സ്പാനിഷ് ചിത്രം ‘കമീല കംസ് ഔട്ട് റ്റു നെറ്റ്’, നതാലിഅൽവാരിസ് മീസെൻ സംവിധാനം ചെയ്ത ‘ക്ലാരാ സോല’,ക്രോയേഷ്യൻ ചിത്രം ‘മ്യൂറീന’,ദിന അമീർ സംവിധാനം ചെയ്ത ‘യു റീസെമ്പിൾ മി’,കമീലാ ആന്റിനിയുടെ ‘യൂനി’ ,’കോസ്റ്റ ബ്രാവ ലെബനൻ’ എന്നി ചിത്രങ്ങൾ പ്രേക്ഷകർ നിറഞ്ഞ സദസിൽ വരവേറ്റു.

താരാ രാമാനുജം സംവിധാനം ചെയ്ത ‘നിഷിദ്ധോ’,കൃഷാന്ത് സംവിധാനം ചെയ്‌ത ‘ആവാസ വ്യൂഹം’ വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൂഴങ്ങൾ’, ‘ഐ ആം നോട്ട് ദി റിവർ ഝലം’ എന്നീ ഇന്ത്യൻ  മത്സര ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചു.

ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 86 വൈവിധ്യകാഴ്ചകളിൽ ഓസ്കാർ നോമിനേഷൻ നേടിയ ‘ഡ്രൈവ് മൈ കാർ’, കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച ‘റിപ്പിൾസ് ഓഫ് ലൈഫ്’, ‘പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ’, ‘അഹെഡ്‌സ് നീ’, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ‘സൺ ചിൽഡ്രൻ’,ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ‘ബ്രൈറ്റൻ ഫോർത്ത്’ ,’ബ്രദർ കീപ്പർ’ ,’ഹൈവ്’ തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ ‘എ ഹീറോ’ എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു.

അഫ്‌ഗാനിലെ സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കിയ  അഞ്ചു ചിത്രങ്ങളുടെ പ്രദർശനവും ഇത്തവണ മേളയുടെ മാറ്റ് കൂട്ടി .ബംഗാളി സംവിധായകനായ  ബുദ്ധദേവ് ദാസ് ഗുപ്‌ത , നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ , മലയാളത്തിന്റെ അഭിമാനം കെ എസ് .സേതുമാധവൻ,കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്ക് മേള ചിത്രാർപ്പണം ഒരുക്കി.

ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാൻ,ബംഗ്ളദേശ് നടി അസ്മേരി ഹഖ് ,ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ,തമിഴ് സംവിധായകൻ വെട്രിമാരൻ,ഗിരീഷ് കാസറവള്ളി, ഡോ.ബോബി ശര്‍മ്മ ബറുവ, ഡോ.രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ  അതുല്യനായ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ  മേള ശ്രദ്ധേയമായി .പ്രതിനിധികൾക്ക് കെ എസ് ആർ ടി സി ബസിലും ഓട്ടോയിലും സൗജന്യ സഞ്ചാരമൊരുക്കിയും ഇത്തവണ  മേള വൈവിധ്യമറിയിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും  സായന്തനങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്.