നല്ലനടപ്പു (പ്രൊബേഷന്‍) നിയമത്തെ കുറിച്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി നടത്തിയ ശില്പശാലയില്‍ അച്ചടക്കമുള്ള പഠിതാക്കളായി ജില്ലയിലെ ന്യായാധിപന്മാര്‍. വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും നടത്തിയ ബോധവത്ക്കരണ ശില്പശാലയിലാണ് ജില്ലയിലെ 12 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അധ്യാപകരും പഠിതാക്കളുമായി എത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട ബോധവത്ക്കരണ ക്ലാസിനിടെ നടന്ന ലഘുവിനോദ പരിപാടികളിലും ജഡ്ജിമാര്‍ പങ്കെടുത്തു.
സാമൂഹികനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി, 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്നിവയെ കുറിച്ചായിരുന്നു ശില്പശാല. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു സമീപം സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടി ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് എം.വി രാജകുമാരയുടെ അധ്യക്ഷതയില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രസക്തിയുള്ളതും എന്നാല്‍ അധികം ഉപയോഗപ്പെടുത്താത്തതുമായ നിയമമാണ് പ്രൊബേഷന്‍ ആക്ടെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് മനുഷ്യത്വമുള്ള മുഖം വേണമെന്നതാണ് ഈ നിയമത്തിന്റെ അകക്കാമ്പെന്നും ജില്ലാ ജഡ്ജ് പറഞ്ഞു.