സ്ത്രീപക്ഷ നവകേരള ക്യാംപെയ്നിന്റെ ഭാഗമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍ ജില്ലയില്‍ അവതരിപ്പിച്ച സ്ത്രീശക്തി കലാജാഥ സമാപിച്ചു. മാര്‍ച്ച് 10 ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഫ്‌ളാഗ് ഓഫ് ചെയ്ത കലാജാഥ സിവില്‍ സ്റ്റേഷനില്‍ നിന്ന് പ്രയാണം ആരംഭിച്ച് മാര്‍ച്ച് 23 ബുധനാഴ്ച മടിക്കൈ മേക്കാട്ട് സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. എം ജി സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍ മുഖ്യാതിഥിയായി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശന്‍, പ്രകാശന്‍ പാലായി, എഡിഎം സി ഡി ഹരിദാസ്, മധുസൂധനന്‍, നിഷ മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. റീന നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ദേശീയ വനിതാ ഫുട്‌ബോള്‍ താരം കുമാരി മാളവിക, നീലേശ്വരം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ എം ശൈലജ, ഇന്ത്യ ഗവണ്മെന്റ് ബെസ്റ്റ് വുമണ്‍ വാക്‌സിനേറ്റര്‍ ജെ.പി.എച്ച്.എന്‍ കെ ഭവാനി എന്നിവരെ ആദരിച്ചു.

സ്ത്രീശക്തി കലാജാഥയ്ക്ക് നാടെങ്ങും ഗംഭീര വരവേല്‍പ്പായിരുന്നു. ജില്ലയില്‍ 13 രംഗശ്രീ അംഗങ്ങളാണ് കലാജാഥയില്‍ തങ്ങളുടെ പ്രകടനം കാഴ്ച വെച്ചത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലുമായി 50 വേദികളിലാണ് കലാജാഥ അവതരിപ്പിച്ചത്. കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച ‘പാടുക ജീവിതഗാഥകള്‍’ സംഗീതശില്പത്തിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ചോദ്യം ചെയ്തു കൊണ്ടും സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആഹ്വാനം ചെയ്തും കൊണ്ടുമാണ് കലാജാഥ ആരംഭിക്കുന്നത്. റഫീഖ് മംഗലശേരിയും കരിവെള്ളൂര്‍ മുരളിയും ചേര്‍ന്ന് രചിച്ച് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത ‘പെണ്‍ കാലം, സുധി ദേവയാനി രചിച്ച് ശ്രീജ ആറങ്ങോട്ടുകര സംവിധാനം ചെയ്ത ‘അത് ഞാന്‍ തന്നെയാണ് ‘ എന്നീ രണ്ട് നാടകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അസമത്വങ്ങളും ചര്‍ച്ചചെയ്യുന്നു.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ക്യാംപെയ്ന്‍ പരിപാടിയാണ് സ്ത്രീപക്ഷ നവകേരളം. കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയനിന്റെ രണ്ടാം ഘട്ടമാണ് സംസ്ഥാനത്തുടനീളമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥ. ജില്ലാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ എന്നിവര്‍ നേതൃത്വം നല്‍കിയ കലാജാഥയുടെ പരിശീലകന്‍ ഉദയന്‍ കുണ്ടംകുഴിയും ജാഥാ ക്യാപ്റ്റന്‍ നിഷാ മാത്യുവുമായിരുന്നു.രംഗശ്രീ അംഗങ്ങളായ ഭാഗീരഥി, ചിത്ര, സില്‍ന, സുമതി, സിന്ധു, അജിഷ, രജിഷ, ലത, ദീപ, ബിന്ദു, ബീന എന്നിവരാണ് കലാജാഥയില്‍ പരിപാടികള്‍ അവതരിപ്പിച്ചത്.