ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വർഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ് കേരളത്തിലുണ്ടായത്. കോവിഡിന്റെ സാഹചര്യമില്ലായിരുന്നെങ്കിൽ ലക്ഷ്യത്തോട് അടുക്കുമായിരുന്നു. സംസ്ഥാനത്തെ 2025 ഓടെ ക്ഷയരോഗ മുക്തമാക്കുകയാണ് ലക്ഷ്യം. മലേറിയ പോലുള്ള അസുഖങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. നവകേരളം രണ്ടിന്റെ ഭാഗമായി പന്ത്രണ്ടിന കാര്യങ്ങൾ നടപ്പിലാക്കും. അതിലൊന്നാണ് ഇതുപോലെയുള്ള രോഗങ്ങൾ തടയുക എന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സൗജന്യ ക്ഷയരോഗ പരിശോധനയ്ക്ക് കേരളത്തിൽ 618 കേന്ദ്രങ്ങളിൽ അംഗീകൃത ലാബുകളുണ്ട്. താഴെത്തട്ടുമുതൽ മെഡിക്കൽ കോളേജുകൾ വരെ ക്ഷയരോഗ പരിശോധനയ്ക്കും ചികിത്സയ്ക്കുമായുള്ള ആധുനിക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ ജില്ലാ ക്ഷയരോഗ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളേജുകളിലും ക്ഷയരോഗ നിർണയവും മരുന്നുകളോടുള്ള പ്രതിരോധം നേരത്തെ കണ്ടെത്തുന്നതിനുള്ള സൗജന്യ സിബിനാറ്റ് പരിശോധനാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങൾ കുറച്ചുകൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. 30 വയസിന് മുകളിലുള്ളവരിലെ ജീവിതശൈലീ രോഗങ്ങൾ കുറച്ച് കൊണ്ടുവരുന്നതിനായി ജനകീയ കാമ്പയിൻ ആരംഭിക്കും. 140 നിയോജക മണ്ഡലങ്ങളിലും ഈ വർഷം ഒരു തദ്ദേശ സ്ഥാപനം തെരഞ്ഞെടുക്കും. ഇവിടെ എല്ലാ വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് ജീവിതശൈലീ രോഗങ്ങളുള്ളവരേയും റിസ്‌ക് ഫാക്ടർ ഉള്ളവരേയും കണ്ടെത്തും. 30 വയസിന് മുകളിലുള്ളവരെ ജീവിതശൈലീ രോഗ പരിശോധന നടത്തും. ഇവർക്ക് മതിയായ ചികിത്സയും അവബോധവും നൽകും.
ഈ വർഷത്തെ ക്ഷയരോഗ ദിനാചരണം നടക്കുന്നത് ദേശീയ പുരസ്‌കാര നിറവിലാണ്. സിൽവർ കാറ്റഗറിയിൽ അവാർഡ് നേടുന്ന ഏക സംസ്ഥാനമാണ് കേരളം. 2015നെ അപേക്ഷിച്ച് 2021ൽ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം ലഭിച്ചത്. കേരളത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, സ്റ്റേറ്റ് ടി.ബി. ഓഫീസർ ഡോ. എം. സുനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ജി. ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മോഹനൻ നായർ, ഡോ. ദീപു സുരേന്ദ്രൻ, ഡോ. പൂജ, കെ.എൻ. അജയ് എന്നിവർ പങ്കെടുത്തു.
രാവിലെ നടന്ന ക്ഷയരോഗ ബോധവത്ക്കരണ റാലി സൂപ്രണ്ട് ഓഫ് പോലീസ് എൻ. വിജയകുമാർ ഫ്ളാഗോഫ് ചെയ്തു.