അടിസ്ഥാന വികസനം, പൊതുജന ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്. 76,78,65,557 രൂപ വരവും 61,82,14,432 രൂപ ചെലവും 14,96,51,125 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ ടെക് അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഫ്രണ്ട് ഓഫീസ് സംവിധാനം നവീകരിക്കും. ഇതു കൂടാതെ കുടുംബശ്രീയില്‍ കഴിവും പ്രാപ്തിയുമുള്ള വളണ്ടിയര്‍മാരെ കണ്ടെത്തി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് ഭൗതിക സാഹചര്യം ഒരുക്കും. നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്കു പുറമേ സര്‍ക്കാര്‍ നല്‍കുന്ന ഇ-ഗവേണന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഫ്രണ്ട് ഓഫീസില്‍ നിന്ന് ലഭ്യമാക്കും. നഗരസഭയെ സമ്പൂര്‍ണ്ണ തരിശു രഹിത നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് കര്‍മ്മസേനയെ വിപുലീകരിക്കും.
കാര്‍ഷിക രീതിയിലെ വൈവിധ്യവല്‍ക്കരണം, യന്ത്രവല്‍ക്കരണം പുത്തന്‍ കൃഷിരീതികള്‍ എന്നിവയെ സംബന്ധിച്ച് കര്‍മ്മസേനയ്ക്ക് വിദഗ്ധ പരിശീലനം നടത്തും. ഇതിനായി കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിക്കും. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വഴി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ബ്രാന്‍ഡ് ചെയ്ത് വിപണി കണ്ടെത്തും. ഇതിനു വേണ്ടെ സംവിധാനങ്ങള്‍ ആറുമാസത്തിനകം ഒരുക്കും. കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ രൂപീകരിച്ച് സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാന്‍ തെരഞ്ഞെടുത്ത കുടുംബശ്രീ യൂണിറ്റുകളില്‍ കേരള ചിക്കന്‍ സ്റ്റാന്‍ഡുകള്‍ അനുവദിക്കും. പാല്‍ ഉല്‍പ്പാദനത്തില്‍ മിച്ചം വരുന്ന നഗരമാകാന്‍ പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്പാദനം വര്‍ധിപ്പിക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്ത് നിര്‍മ്മിച്ചു നല്‍കും.

സ്‌കൂളുകളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കല്‍, മെച്ചപ്പെട്ട പഠന പ്രക്രിയ ഉറപ്പാക്കാന്‍ സാമൂഹിക ബന്ധം സ്ഥാപിക്കല്‍, തൊഴില്‍ സംബന്ധമായ വിദ്യാഭ്യാസക്രമം നടപ്പാക്കല്‍ തുടങ്ങിയ നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. സ്ത്രീ സൗഹൃദ ടോയ്ലറ്റുകള്‍, ശുചിത്വമുള്ള മൂത്രപ്പുര, ക്ലാസ് മുറികള്‍, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കും. ആരോഗ്യരംഗത്തും ഇത്തവണ നഗരസഭാ ഊന്നല്‍ നല്‍കുന്നു. നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജനസൗഹൃദ കേന്ദ്രങ്ങള്‍ ആക്കി മാറ്റും. അവയുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപ്പുവര്‍ഷം ഫണ്ട് വകയിരുത്തും. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ ബാങ്ക് രൂപീകരിക്കുകയും അതുവഴി മെച്ചപ്പെട്ട തൊഴില്‍ മേഖല സൃഷ്ടിക്കുകയും ചെയ്യും. കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി നഗരസഭയില്‍ നടപ്പിലാക്കും. ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി തെരുവ് കച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി നടപ്പിലാക്കും.

സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടാന്‍ യുവതി യുവാക്കള്‍ക്ക് പരിശീലനവും വിവിധ സാംസ്‌കാരിക സംഘടനകളുമായും ക്ലബ്ബുകളുമായും സഹകരിച്ചു നടത്തും. നഗരവികസന മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങും. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച ഓപ്പണ്‍ സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തും. അരയി പുഴയോരത്ത് കുടുംബശ്രീയുടെ സഹായത്തോടെ ബോട്ടിങ്ങ് സൗകര്യം സാധ്യത പരിശോധിക്കും. നീലേശ്വരം നഗരസഭയുമായി ആലോചിച്ച് പാലാഴി ഷട്ടര്‍ കം ബ്രിഡ്ജില്‍ നിന്നു പൈപ്പ് ലൈന്‍ വഴി വാഴുന്നോറടി കുടിവെള്ള പദ്ധതിയിലെ ടാങ്കില്‍ വെള്ളമെത്തിച്ച് നഗരസഭയുടെ വ്യത്യസ്ത ഭാഗങ്ങളിലെത്തിക്കും. സൗത്തില്‍ മാതോത്ത് വായനശാലയുടെ പടിഞ്ഞാറ് വശത്തെ സ്ഥലം ഉപയോഗപ്പെടുത്തി പൊതുയോഗങ്ങള്‍ ചേരാന്‍ പൊതുയിടമാക്കി മാറ്റാന്‍ ഇടപെടല്‍ നടത്തും. ഹൊസ്ദുര്‍ഗ് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തോട് ചേര്‍ന്നുള്ള പഴകി ദ്രവിച്ച കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടു കൂടിയ ഓഫീസ്,കോണ്‍ഫറസ് ഹാള്‍ നിര്‍മിക്കുന്നത് ധനസഹായം തേടും. അംഗന്‍വാടികള്‍ക്ക് സ്വന്തമായി കെട്ടിടമില്ലാത്തവയ്ക്ക് കെട്ടിടം നിര്‍മിക്കും. പട്ടികജാതി കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കും. പ്രാദേശിക തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വേക്കന്‍സി ബാങ്കും റസിഡന്‍സി സെന്ററും ഒരുക്കും. മണ്‍റോഡുകള്‍ ഇല്ലാത്ത നഗരമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കാന്‍സര്‍ നിയന്ത്രണത്തിന്റെ ഭാഗമായി ഇ-ഹെല്‍ത്ത് സോഫ്റ്റ് വെയര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കും. നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.