നാട്ടിന്‍ പുറങ്ങളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ വൃക്ഷങ്ങളായ പ്ലാവ്, മാവ്, പുളി, പേര, ഞാവല്‍, നീര്‍മാതളം, നെല്ലി എന്നിവയെ പരിപാലിക്കുന്നതിനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച തേന്‍കനിവനം പദ്ധതിയുടെ ഭാഗമായി കോങ്ങാട് ഗ്രാമപഞ്ചായത്തിനു കീഴില്‍ മുച്ചീരി വെള്ളപ്പുറം ദേവസ്വം പറമ്പ് വനവല്‍ക്കരണം ആരംഭിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു. കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.ലത അധ്യക്ഷയും തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസര്‍ അനില്‍ബാബു മുഖ്യാതിഥിയായി. പദ്ധതിയുടെ ഭാഗമായി മുച്ചീരിയില്‍ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് 650 ഓളം പ്ലാവ്, മാവ്, പുളി എന്നീ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. ഇതിനുള്ള തൈകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ ബ്ലോക്ക് പ്ലാന്റേഷന്‍ പ്രവൃത്തിയാണിത്. നടുന്ന തൈകളുടെ സംരക്ഷണവും തൊഴിലുറപ്പ് തൊഴിലാളികളാണ് ഏറ്റെടുക്കുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് തേന്‍കനിവനം പദ്ധതിയിലൂടെ തൈകള്‍ നടാന്‍ ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 20 ലക്ഷം തൈകളാണ് ഇത്തരത്തില്‍ നട്ടു പിടിപ്പിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പദ്ധതിയാണ് തേന്‍കനിവനം. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പദ്ധതിയിലൂടെ ഫലവൃക്ഷത്തോട്ടങ്ങള്‍ തയ്യാറാക്കുക വഴി പരിസ്ഥിതി സംരക്ഷണം, വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതല്‍ എന്നീ ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പാലക്കാട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ജി.വരുണ്‍, ജോയിന്റ് ബി.ഡി.ഒ എ.ബഷീര്‍, കോങ്ങാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദേവദാസ്, വാര്‍ഡ് മെമ്പര്‍മാരായ മഞ്ജു, ജീവകുമാര്‍, സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.