സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങളെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു. എളേരിത്തട്ട് ഇകെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനവും കോമേഴ്‌സ് , ഇക്കണോമിക്‌സ് ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കജല്പ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്.

കലാലയങ്ങളിലെ കോഴ്‌സുകളുടെ ഉള്ളടക്കത്തെ ഉടച്ച് വാര്‍ത്ത് വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി തക്കതായ ഏജന്‍സികളെ ഉപയോഗിച്ച അതിനുളള പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതു വഴി സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നവരായി കലാലയങ്ങളെ ഒരുക്കും. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പിന്തുണ നല്കുക എന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. സമൂഹത്തെ ആകെ പുരോഗമന പാതയില്‍ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് നവകേരളയജ്ഞത്തിന്റേ ലക്ഷ്യം.

കേരളത്തിന്റെ പുറത്തേക്ക് വിദ്യാര്‍ഥികള്‍ പഠനത്തിനായി പോകുന്ന സാഹചര്യം അവസാനിപ്പിക്കണം. അത്യാധുനിക ലാബോറട്ടറികളും ലൈബ്രറികളും നിര്‍മിക്കുന്നതിനായി ബജറ്റില്‍ പണം നീക്കി വച്ചിരിക്കുന്നു. സംസ്ഥാനത്ത് 5 ഹെറിറ്റേജ് കലാലയങ്ങള്‍ക്കായി 150 കോടി രൂപ കിഫ്ബി വഴി കേരളത്തില്‍ ഒരുങ്ങുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളുടെ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ആയിരം കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്കുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. കേരളത്തിന്റെ സാംസ്‌കാരം, ചരിത്രം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനായി 500 പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.

ഗവേഷണത്തില്‍ തത്പരരായ കുട്ടികള്‍ക്ക് ഏറ്റവും ആധുനികമായ രീതിയില്‍ ഗവേഷണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കേണ്ടതുണ്ട്. ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഇന്‍ക്യുബേഷന്‍ സെന്ററുകളും, ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററും മറ്റും ഇത്തരം കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വിവര സാങ്കേതിക വിദ്യ വളരുന്ന കാലഘട്ടത്തില്‍ അത് ഒപ്പിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ മാറണം. തൊഴിലില്ലായ്മയുടെ കാലഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌കില്‍ ഗാപ്പ് മറികടക്കാനുള്ള പരിശീലനം നല്കണം. സമഭാവനയുടെ സര്‍വകലാശാലകള്‍ കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എളേരിത്തട്ട് കോളേജില്‍ കാലാനുസൃതമായ ഒരു പുതിയ കോഴ്‌സ് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റൂസ പദ്ധതി പ്രകാരമുള്ള തുക ഉപയോഗിച്ചാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നവീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് നിര്‍മിച്ച ശുചി മുറി ബ്ലോക്കിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിക്കപ്പെട്ട ഇക്കണോമിക്‌സ് ബ്ലോക്കിന്റെയും കാമ്പസ് റോഡിന്റെയും ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്മെന്റ് വിതരണവും നടത്തി.

ചടങ്ങില്‍ എം.രാജഗോപലന്‍ എം എല്‍ എ അധ്യക്ഷനായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബു, കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് പ്രോജക്ട് എന്‍ജിനീയര്‍ പി എം ഹംസര്‍, പി ഡബ്യൂ ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.