ജില്ലയിലെ പന്തലക്കോട് 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് 30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് വേറ്റിനാട് ഗാന്ധിസ്മാരകമണ്ഡപത്തിലാണ് പരിപാടി നടക്കുക.

പ്രസരണ ശൃംഖലയിലെ  വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ് സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഉയര്‍ന്ന വോള്‍ട്ടതകളിലുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുകയാണ് പന്തലക്കോട് സ്വിച്ചിംഗ് സബ്സ്റ്റേഷന്റെ പ്രധാനലക്ഷ്യം. വെമ്പായം, പോത്തന്‍കോട്, കരകുളം പഞ്ചായത്തുകളിലേയും തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലേയും ഏകദേശം 27,000 ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കും. ഇതിനായി 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധമായ 11 കെ.വി ഫീഡറുകളും സബ്സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.