പക്ഷിപ്പനി; കർഷകർക്ക് 91.59 ലക്ഷം ധനസഹായം
കോഴി, താറാവ് കർഷകരെ സഹായിക്കുന്നതിനായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന ധനസഹായത്തിന്റെ വിതരണോദ്ഘാടനം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സംസ്ഥാന സർക്കാർ 91.59 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
മറ്റു മേഖലകളിലെ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണെങ്കിലും താറാവ്, കോഴി കർഷകർക്ക് ലഭിക്കുന്നില്ല. ഇവർക്കു കൂടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള ചർച്ചകൾ രണ്ടു വട്ടം നടന്നു. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ കർഷകർക്ക് സഹായകമാകും. കർഷകരെ സഹായിക്കുന്ന സർക്കാരാണിത്.പക്ഷിപ്പനി ബാധിച്ച് താറാവുകളെ നഷ്ടപ്പെട്ട കർഷരെ സഹായിക്കുന്നതിനായി വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാർ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞതായി യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ഹൈമി ബോബി, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി. തങ്കച്ചൻ, എ.ഡി.സി.പി ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ഷാജി പണിക്കശേരി എന്നിവർ പങ്കെടുത്തു. പക്ഷിപ്പനി സമയത്ത് മികച്ച നിലയിൽ പ്രവർത്തിച്ച ദ്രുതകർമ്മസേനാംഗങ്ങളെ യോഗത്തിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ രണ്ടു മാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്ക് നൂറു രൂപ നിരക്കിലും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപ നിരക്കിലുമാണ് സഹായം അനുവദിച്ചത്. വെച്ചൂരിൽ ഒൻപതും അയ്മനത്ത് അഞ്ചും കുമരകത്ത് നാലും കല്ലറയിൽ ഒന്നും വീതം താറാവ് കർഷകർക്ക് ധനസഹായം ലഭിച്ചു.