സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യരെ ആദരിച്ചു.

മങ്കുഴിയിലെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ ആദരിച്ചത്. എം.കെ. രവീന്ദ്രനടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാർപ്പണത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എം.എൽ.എ. പറഞ്ഞു.

കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യവിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ഗിരിജ സുശീലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ സംസാരിച്ചു. എം.കെ. രവീന്ദ്രന്റെ പത്‌നി സരോജിനി രവീന്ദ്രൻ, മക്കളായ ലൈലമ്മ പീതാംബരൻ, വൽസമ്മ രഞ്ജിത്ത്, എം.ആർ. ഷാജി എന്നിവർ പങ്കെടുത്തു.

ഇരുപത്തി രണ്ടാമത്തെ വയസിൽ സ്വാതന്ത്ര്യ സമരരംഗത്ത് എത്തിയ എം.കെ. രവീന്ദ്രൻ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഡൽഹിയിൽ ആദരിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ എം.കെ. രവീന്ദ്രൻ മകൻ എം.ആർ. ഷാജിക്കൊപ്പമാണ് താമസം. ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു.