പതിനൊന്നാം വയസില്‍ ആരംഭിച്ച കശുവണ്ടി മേഖലയിലെ തൊഴിലിന് 58-ാം വയസില്‍ സംസ്ഥാന പുരസ്‌കാരം ലഭിക്കുമ്പോള്‍ കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വത്സലകുമാരിക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല… അവസാന ദിവസമാണ് തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കുന്നത്. ഒടുവില്‍ പുരസ്‌കാരം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം. സംസ്ഥാനത്തെ മികച്ച കശുവണ്ടി തൊഴിലാളിക്കുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരമാണ് വത്സല കുമാരി കരസ്ഥമാക്കിയത്.

വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണമാണ് ചെറുപ്രായത്തില്‍ ജോലിക്കിറങ്ങിയത്. ഈ തൊഴില്‍ ആരംഭിക്കുന്ന കാലംവച്ചു നോക്കുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഇതിനകം സംഭവിച്ചിട്ടുണ്ട്. ആദ്യമൊക്കെ നിസാരമായ കൂലിയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ അതിന് മാറ്റം വന്നു. കൂടാതെ പല ആനൂകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇതുവരെ ഏറെ അഭിമാനത്തോടെയാണ് കശുവണ്ടി മേഖലയില്‍ തൊഴിലെടുത്തത്. ഇനിയും അതു തുടരുമെന്നും വത്സലകുമാരി പറയുന്നു.