ആറു വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ദിനില്‍ ജോലി രാജിവച്ച് നാട്ടില്‍ മത്സ്യത്തൊഴിലാളി ആയപ്പോള്‍ പലരും പലതും പറഞ്ഞു. എന്നാല്‍ മത്സ്യ കൃഷിയിലൂടെ മികച്ച വരുമാനവും വിജയവും കൈവരിച്ച പി.എം.ദിനില്‍ പ്രസാദിനെ മികച്ച മത്സ്യ തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും തേടിയെത്തിയിരിക്കുകയാണ്.

കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ 2012 ലാണ് കണ്ണൂര്‍ സ്വദേശിയായ ദിനില്‍ സൈന്യത്തില്‍ ചേര്‍ന്നത്. ആറു വര്‍ഷം ജോലി ചെയ്തതിന് ശേഷം ജോലി രാജിവച്ച് ഇറങ്ങി. നല്ല ജലാശയങ്ങളും മഴയും കാലാവസ്ഥയുമൊക്കെ ലഭ്യമായ കേരളീയര്‍ കഴിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മത്സ്യം എന്ന രീതിക്ക് ഒരു മാറ്റം വേണമെന്ന
ചിന്തയില്‍ നിന്നാണ് കൂടുകൃഷി ആരംഭിക്കുന്നത്.

എറണാകുളം ജില്ലയിലെ പിഴലയില്‍ മത്സ്യ കൂട് കൃഷി ചെയ്യുന്ന വീഡിയോയാണ് ഇതിന് പ്രചോദനമായത്. കയ്യിലുള്ള സമ്പാദ്യം മുടക്കി കൃഷി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും പൂര്‍ണ പിന്തുണയാണ് കൂട് കൃഷിക്ക് നല്‍കിയത്. ആദ്യ ശ്രമത്തെ പ്രളയം തകര്‍ത്തുവെങ്കിലും ലോണ്‍ എടുത്ത് വീണ്ടും കൃഷി ചെയ്തു. സ്ഥിരവരുമാനത്തിനായി
ഓട്ടോറിക്ഷത്തൊഴിലാളിയായി.

പരാജയങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അടുത്ത തവണ ദിനില്‍ വിജയിച്ചു. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ കൂട് കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിനില്‍ വിത്ത്, കൂട് അടക്കമുള്ള സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. സര്‍ക്കാരിന്റെ സബ്‌സിഡിയും മറ്റ് സഹകരണും ലഭിക്കുമെന്നുള്ളത് കൊണ്ട് മത്സ്യകൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കേണ്ടെന്ന് ദിനില്‍ പറയുന്നു.വിദേശത്തേക്ക് കയറ്റി അയക്കുന്നത് പോലുള്ള വിപണി കൂടി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ദിനില്‍.