തോപ്പുംപടി സ്വദേശി അന്‍സാര്‍ കൊച്ചി തന്റെ ടാക്‌സി സര്‍വീസ് കേവലം ഉപജീവന മാര്‍ഗമായി മാത്രമല്ല കരുതുന്നത്, മറിച്ച് വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള ഉപധിയായി കൂടിയാണ്. വിനോദ സഞ്ചാരികളുമായി ഇടപഴകി അവരുടെ സംസ്‌കാരവും ജീവിത ശൈലിയും അടുത്തറിയാന്‍ തന്റെ തൊഴില്‍ മേഖലയിലൂടെ അന്‍സാര്‍ എപ്പോഴും ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ മികച്ച മോട്ടോര്‍ തൊഴിലാളിക്കുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരവും അന്‍സാറിനെ തേടിയെത്തി.
ജീവിതത്തില്‍ തനിക്ക് ലഭിച്ച എറ്റവും വലിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും തൊഴിലില്‍ കൂടുതല്‍ സൂക്ഷ്മതയും ഉത്തരവാദിത്തവും പാലിക്കാന്‍ ഇതു തങ്ങളെ ബാധ്യസ്ഥരാക്കിയെന്നും അന്‍സാര്‍ പറയുന്നു. 25 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഇദ്ദേഹം ‘ചാരിറ്റി ഓണ്‍ വീല്‍സ്’ എന്ന സംഘടനയുടെ ചെയര്‍മാന്‍, തൊഴിലാളി യൂണിയന്‍ നേതാവ്, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും സമൂഹത്തില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നു.