രാഷ്ട്രീയ രംഗത്തെയും സന്നദ്ധ സേവന മേഖലയിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളായിരുന്നു കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പി.എം നവാസിന് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ ഓരോ ഘട്ടങ്ങളിലും ഊര്‍ജമേകിയിരുന്നത്. ചുമട്ടു തൊഴിലാളിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് മികച്ച ചുമട്ടു തൊഴിലാളിക്കുള്ള തൊഴില്‍ ശ്രേഷ്ഠ ബഹുമതിക്ക് അര്‍ഹനായത്.

കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ഏറെ പരിചിതനായ നവാസ് പത്താം ക്ലാസ് കാലഘട്ടത്തില്‍ തന്നെ കാറ്ററിംഗ്, പെയിന്റിംഗ് തുടങ്ങിയ ചെറിയ ജോലികള്‍ ചെയ്തിരുന്നു. പിന്നീട് പഠനം അവസാനിപ്പിച്ച് ചുമട്ടു തൊഴിലാളിയായി മാറി.

ചുമട്ടുതൊഴിലാളിയായി അധികം വൈകാതെ തന്നെ യൂണിയന്‍ ഭാരവാഹിയായി. ഈ സമയത്താണ് കോട്ടയം ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്.

ഒപ്പം പഠിച്ചവര്‍ മികച്ച വരുമാനമുള്ള ജോലികള്‍ നേടിയപ്പോള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചതോര്‍ത്ത് പലപ്പോഴും നൊമ്പരപ്പെട്ടിരുന്നത് നവാസ് ഓര്‍ത്തെടുക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി തന്നെ തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഈ യുവാവ്. മാതാവ് കെ.എസ് സഫിയ, ഭാര്യ ഷമീന നവാസ്, മക്കളായ മുഹമ്മദ് നഫീസ്, നസ്രിയ നവാസ് എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം.