കുടുംബ പ്രാരാബ്ദം മൂലം 18-ാം വയസില്‍ മുഴുവന്‍ സമയ നിര്‍മാണ തൊഴിലാളിയായി മാറിയ ആളാണ് പി.ജി ജോസ്. എറണാകുളം നോര്‍ത്ത് പറവൂരിന് സമീപം മാഞ്ഞാലി എന്ന ഗ്രാമത്തിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ ജോസിന് ചെറുപ്പം മുതലേ സ്വന്തമായി അധ്വാനിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം. കാല്‍നൂറ്റാണ്ടായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോസിനെ തൊഴിലിലെ ആത്മാര്‍ഥതയും അര്‍പ്പണവുമാണ് 2022ലെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാര വേദിയിലേക്ക് എത്തിച്ചത്. നിഷ്‌കളങ്കമായ മുഖവും നിറഞ്ഞ ചിരിയും കൊണ്ട് ഏവരെയും ആകര്‍ഷിക്കുന്ന പ്രകൃതമാണ് ഇദ്ദേഹത്തിന്റേത്. നിനച്ചിരിക്കാതെ തേടിയെത്തിയ പുരസ്‌കാരം അതിന്റെ പ്രതിഫലനം മാത്രമാണ്.

പുരസ്‌കാരത്തിന് അപേക്ഷ നല്‍കേണ്ട അവസാന ദിവസത്തെ അവസാന അപേക്ഷകരില്‍ ഒരാളായിരുന്നു ജോസ്. ഭാര്യ ഷൈനിയുടെ തൊഴില്‍ വകുപ്പിലെ ജീവനക്കാരനായിരുന്ന സുഹൃത്ത് വഴിയാണ് പുരസ്‌കാരത്തെ കുറിച്ച് അറിയുന്നത്. തയ്യല്‍ തൊഴിലാളി കൂടിയായ ഷൈനിയോട് അപേക്ഷിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം. എന്നാല്‍ ഷൈനിയുടെ നിര്‍ബന്ധപ്രകാരം ജോസായിരുന്നു പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിച്ചത്. തൊഴിലുമായി ബന്ധപ്പെട്ട് കബളിപ്പിച്ചിട്ടുള്ള എല്ലാവര്‍ക്കുമുള്ള മധുര പ്രതികാരമാണ് ഈ പുരസ്‌കാരം. ഭാര്യ ഷൈനി മക്കളായ ഡാനിയേല്‍, സാമുവേല്‍ എന്നിവര്‍ അടങ്ങുന്നതാണ് ജോസിന്റെ കുടുംബം.