കുട്ടിക്കാലം മുതല്‍ നിയമപാലകനാകാനായിരുന്നു പത്തനംതിട്ട ആഴൂര്‍ സ്വദേശിയായ എസ്. കൃഷ്ണന്‍കുട്ടിയുടെ ആഗ്രഹം. അത് കൊണ്ടെത്തിച്ചതാവട്ടെ പട്ടാളത്തിലും. കുടുംബ പ്രാരാബ്ദങ്ങളെ തുടര്‍ന്ന് ജോലി രാജിവച്ച് മടങ്ങേണ്ടിവന്നെങ്കിലും തന്റെ ആഗ്രഹത്തെ മനസില്‍ താലോലിച്ച് വളര്‍ത്തുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്കിപ്പുറം തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വേദിയിലേക്ക് കൃഷ്ണന്‍കുട്ടിയെ എത്തിച്ചതും ഒരു തരത്തില്‍ അതേ ആഗ്രഹം തന്നെയായിരുന്നു. ഇക്കുറി സെക്യൂരിറ്റി ജീവനക്കാരനായിട്ടായിരുന്നു എന്ന് മാത്രം. പത്തനംതിട്ട നഗരസഭയിലെ സുരക്ഷാ ഗാര്‍ഡായ കൃഷ്ണന്‍കുട്ടിക്കാണ് മികച്ച സെക്യൂരിറ്റി തൊഴിലാളിക്കുള്ള തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത്.

കരസേനയില്‍ ഗ്രേഡ് ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി നോക്കുമ്പോഴായിരുന്നു വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനായ പിതാവിന്റെ നിര്‍ബന്ധപ്രകാരം രാജിവച്ച് വിദേശത്ത് തൊഴില്‍ തേടി പോയത്. മെച്ചപ്പെട്ട വരുമാനമെന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. രണ്ട് തവണയായി പത്തു വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു നിയോഗം പോലെ പത്തനംതിട്ട നഗരസഭ ഓഫീസിലെ ജോലി തേടി വന്നത്. ആറു വര്‍ഷമായി ഇവിടെ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്നു. ഓഫീസില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ എന്തു കാര്യത്തിനും കൃഷ്ണന്‍കുട്ടി വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകുമെന്നാണ് ജീവനക്കാരുടെ സാക്ഷ്യം. ഭാര്യ പുഷ്പ, മക്കളായ മഞ്ജു, മീനു, മനു എന്നിവരും മികച്ച പിന്തുണയുമായി കൂടെയുണ്ട്.