കോവിഡ് ആശങ്ക ഒഴിവായ സാഹചര്യത്തിൽ മലയാറ്റൂർ തീർത്ഥാടനം
പൂർണ്ണമായ ജനപങ്കാളിത്തത്തോടെ നടത്താൻ തീരുമാനം. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ ആലുവ ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. റോജി .എം. ജോൺ എം എൽ എ യും സന്നിഹിതനായിരുന്നു.കേന്ദ്രത്തിൽ ഉണ്ടാകാനിടയുള്ള ജനത്തിരക്ക് പരിഗണിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. വിവിധ സംഘടനകൾ, തദ്ദേശ സ്ഥാപനം , ഇടവകകൾ, ഹരിത കർമസേന എന്നിവർ സംയുക്തമായി പ്രദേശത്ത് ശുചീകരണ യജ്ഞവും സംഘടിപ്പിക്കും.
തീർത്ഥാടകർക്ക് കുടിവെള്ളം ഉറപ്പുവരുത്തും. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. എല്ലാ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ വിശുദ്ധ വാരാചരണം നടത്തണമെന്ന് കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു.
ആരോഗ്യവകുപ്പിനോട് മെഡിക്കൽ ടീമിനെ നൽകണമെന്നും മുഴുവൻ സമയ സേവനം ഉറപ്പുവരുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഗ്രീൻ വോളന്റിയേഴ്സിനെ നിയോഗിച്ച് മാലിന്യം നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിനു മുള്ള നടപടികൾ സ്വീകരിക്കും. ഗതാഗത നിയന്ത്രണത്തിനും പാർക്കിംഗ് സംബന്ധിച്ച ക്രമീകരണങ്ങളും ഉറപ്പാക്കാൻ ഗതാഗത നിയന്ത്രണ വകുപ്പിനെ ചുമതലപ്പെടുത്തി. യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിനായി
തിരുനാൾ ദിവസങ്ങളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് പോലീസ് സേനയെ വിന്യസിക്കും.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ അനുമോൾ ബേബി , മലയാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ , ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ, അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് അനൂജ് പലിവാൾ , മലയാറ്റൂർ പള്ളി വികാരി റവ.ഫാദർ വർഗ്ഗീസ് മണവാളൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.