ജനപ്രതിനിധിയായും പൊതു പ്രവര്‍ത്തകനായും പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയവുമായാണ് കെ.ടി മുരളി തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്റെ നിറവിലെത്തിയത്. മികച്ച ചെത്തുതൊഴിലാളിക്കുള്ള പുരസ്‌കാരമാണ് ബിജുമോന്‍ എന്ന കെ.ടി മുരളിയെ തേടിയെത്തിയത്.
പത്താം ക്ലാസില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ച മുരളി പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ചെത്തു തൊഴിലിലേക്ക് എത്തിയത്. 18-ാം വയസില്‍ ആരംഭിച്ച ജോലിയെ 33 വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ അഭിമാനത്തോടെ തന്നെയാണ് മുരളി കാണുന്നത്. സഹോദരന്‍ ബൈജുവും ഇതേ വഴിയില്‍ തന്നെ.
കോഴിക്കോട് നാദാപുരത്തിനടുത്ത് മരുതോന്‍കര ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്‍, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയ പദവികളില്‍ 14 വര്‍ഷം സേവനമനുഷ്ഠിച്ച മുരളി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അതിനിടെ നീണ്ടകാലം ചെത്തുതൊഴിലാളി യൂണിയന്‍ ഭാരവാഹിയുമായിട്ടുണ്ട്.
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ സന്ദീപിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് അവസാനനിമിഷത്തിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. നിനച്ചിരിക്കാതെ ലഭിച്ച പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും 33 വര്‍ഷം മുന്‍പ് പഠനം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ വിഷമമുണ്ടെന്ന് മുരളി പറയുന്നു. അതേസമയം തനിക്ക് കഴിഞ്ഞില്ലെങ്കിലും മക്കളായ അശ്വതിക്കും അതുല്യക്കും മികച്ച വിദ്യാഭ്യാസം നല്‍കാനായതിന്റെ അഭിമാനവും മുരളിയുടെ വാക്കുകളിലുണ്ട്. എല്ലാ കാര്യത്തിനും പിന്തുണയുമായി കൂടെ നില്‍ക്കുന്ന ഭാര്യ ഗീത മുരളിയാണ് തന്റെ ശക്തിയെന്നും മുരളി പറയുന്നു.