പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ മേഖലയില്‍ തുടരുകയാണ്. മികച്ച മരം കയറ്റ തൊഴിലാളിക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരവും ഇപ്പോള്‍ അനിയന്‍കുഞ്ഞിനെ തേടിയെത്തിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ കൈനകിരി പഞ്ചായത്തിലാണ് അനിയന്‍ കുഞ്ഞ് താമസിക്കുന്നത്. അച്ഛനും തെങ്ങ് കയറ്റതൊഴിലാളിയായിരുന്നു. കാലം പുരോഗമിച്ചപ്പോള്‍ യന്ത്രങ്ങള്‍ ഈ തൊഴില്‍ മേഖലയിലേക്ക് കടന്നുവന്നുവെങ്കിലും പരമ്പരാഗത രീതിയില്‍ തളപ്പ് ഉപയോഗിച്ചാണ് തെങ്ങില്‍ കയറുന്നത്.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചതെന്നും പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അനിയന്‍കുഞ്ഞ് പറയുന്നു. ഈ തൊഴില്‍ ചെയ്യുന്നതില്‍ ഏറെ അഭിമാനമുണ്ട്, തനിക്ക് പറ്റാവുന്നത്രയും കാലം അതുതുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.