- കൊല്ലം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ സുശീല ജോസഫിനെ മികച്ച ഗാര്‍ഹിക തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം തേടിയെത്തിയത് അവിചാരിതമായി ആയിരുന്നു. സഹോദരി മഡോണയില്‍ നിന്ന് പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞ സുശീല അപേക്ഷ നല്‍കിയപ്പോഴും പുരസ്‌കാര ജേതാവാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല.
16 വര്‍ഷമായി ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുകയാണ് സുശീല. എട്ടു വര്‍ഷമായി ഒരേസ്ഥലത്തു തന്നെയാണ് ജോലി. ഭര്‍ത്താവ് ജോസഫിന്റെ വരുമാനം നാലംഗ കുടുംബത്തിന് മതിയാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗാര്‍ഹിക തൊഴിലാളിയാകാന്‍ സുശീല തീരുമാനിച്ചത്.
മൂത്ത മകന്‍ സ്റ്റാലിനും അച്ഛന്റെ പാത പിന്തുടര്‍ന്ന് മീന്‍പിടിത്തം തൊഴിലായി സ്വീകരിച്ചു. രണ്ടാമത്തെ മകന്‍ സെബിന്‍ വിദ്യാര്‍ത്ഥിയാണ്. എട്ടു വര്‍ഷമായി കുടുംബശ്രീയുടെ പ്രവര്‍ത്തകയായ സുശീല ജമന്തി അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് കൂടിയാണ്.