ആറന്മുള സ്വദേശിയായ സൂരജ് സുന്ദരത്തിന്റെ കുട്ടിക്കാലത്തെ ഏറ്റവും പരിചിത ദൃശ്യം അച്ഛന്‍ സുന്ദരത്തിന്റെ ആലയില്‍ ഒരുങ്ങിയെത്തുന്ന ആറന്മുള കണ്ണാടിയുടേതായിരുന്നു. ആ കണ്ണാടിയുടെ വെളിച്ചം ഓരോ തവണയും സൂരജിനെ കൂടുതല്‍ അത്ഭുതപ്പെടുത്തിയിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബാംഗ്ലൂരില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും അധികകാലം തുടരാന്‍ സാധിച്ചില്ല. നാട്ടിലെത്താനുള്ള ത്വരയായിരുന്നു കാരണം. ആ വിളി കേള്‍ക്കാന്‍ തീരുമാനിച്ച സൂരജ് നാട്ടില്‍ അച്ഛന്റെ സഹായിയായി. ഗുരുവിന്റെ തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ശിഷ്യനായി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിലെ കരകൗശല തൊഴിലാളി വിഭാഗത്തില്‍ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാര ജേതാവുമായി.
ആറു വര്‍ഷമായി ആറന്മുള കണ്ണാടി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് സൂരജ്. ആറന്മുളയിലെ സുന്ദര്‍ ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്വന്തം സ്ഥാപനം വഴിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കൈരളി ഏജന്‍സി വഴിയുമാണ് കണ്ണാടികളുടെ വിപണനം നടത്തുന്നത്. അച്ഛന്‍ സുന്ദരത്തിനു പുറമെ അമ്മ സുജാതയും സഹോദരിമാരായ സുചിത്രയും സുരഭിയും വ്യാപാര കാര്യങ്ങളിലും നിര്‍മാണ കാര്യങ്ങളിലും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അറിവ് വരും തലമുറയിലേക്കും കൈമാറുക എന്ന ഉത്തരവാദിത്വവും സൂരജ് സ്വയം ഏറ്റെടുക്കുന്നു.