പക്ഷിപനിയെത്തുടര്‍ന്ന് നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനി മൂലം താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട് മേഖലയില്‍ നിരവധി കര്‍ഷകര്‍ക്ക് പക്ഷിപ്പനി മൂലം നഷ്ടം സഹിക്കേണ്ടി വന്നു. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഘട്ടം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഫലപ്രദമായ ഇടപെടല്‍ നടത്തിയതിലൂടെ വ്യാപനം കുറയ്ക്കാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. 2021 ഡിസംബറില്‍ തകഴി, നെടുമുടി, പള്ളിപ്പാട്, കരുവാറ്റ, അമ്പലപ്പുഴ വടക്ക്, ചെറുതന, പുറക്കാട്, വീയപുരം എന്നീ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 65 കര്‍ഷകരുടെ 1,11,217 താറാവുകളെയും 41,959 മുട്ടയും 10,902 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാര തുകയായി 65 കര്‍ഷകര്‍ക്ക് 3,01,21,195 രൂപയാണ് നല്‍കിയത്.

ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍പേഴ്‌സണ്‍ എ. ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുരേന്ദ്രന്‍, എബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. പ്രസാദ്, മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ടി. ഇന്ദിര, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എസ്. സിന്ധു, വകുപ്പ് തല ഉദ്യോഗസ്ഥരായ ഡോ. കൃഷ്ണ കിഷോര്‍, ഡോ. പി.ഡി കോശി, ഡോ. എസ്. വിനയകുമാര്‍, ഡോ. വൈശാഖ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.