ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.

റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിര്‍വ്വഹണ പുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണം. സാങ്കേതിക തടസങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് ശ്രമിക്കണം. വികസന സമിതി യോഗങ്ങളില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളില്‍ കൃത്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. വിവിധ സ്ഥലങ്ങളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം വൈകുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇത് നല്ല പ്രവണതയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

നഗരത്തില്‍ ചിലയിടങ്ങളില്‍ സ്ഥിരമായി പൈപ്പ് പൊട്ടുന്നത് കുടിവെള്ള വിതരണം മുടക്കുന്നതായി എം.എല്‍.എമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രശ്‌നപരിഹാരത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കുടിവള്ള വിതരണ കുഴലുകള്‍ മാറ്റി സ്ഥാപിക്കുന്നത് മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തികരീക്കാനും യോഗം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുഴല്‍ക്കിണര്‍ പോലുള്ള വിവിധ സംവിധാനങ്ങള്‍ തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാര്‍, മന്ത്രിമാരുടെ പ്രതിനിധികള്‍, എം.പിമാരുടെ പ്രതിനിധികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്‍. മായ, ഡിപിസി അംഗങ്ങള്‍, വിവിധ ജില്ലാതല ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.