ബിഎംബിസി മാനദണ്ഡത്തിൽ നവീകരിച്ച വൈപ്പിൻ – പള്ളിപ്പുറം റോഡ് ഈ മാസം 31നു വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. സംസ്ഥാനത്താകെ ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ 51 റോഡുകളാണ് പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നാടിനു സമർപ്പിക്കുന്നത്.

കുഴുപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് പരിസരത്തു നടക്കുന്ന ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഫലകം അനാച്‌ഛാദനം ചെയ്യും. ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ എസ് ശർമ്മ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എക്‌സിക്യൂട്ടീവ് എൻജിനീയർ സി.എം സ്വപ്‌ന എന്നിവരും തദ്ദേശസ്ഥാപന അധ്യക്ഷരും അംഗങ്ങളും സാമൂഹിക സംഘടന പ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുക്കും.

‘പുതിയ കാലം പുതിയ നിർമ്മാണം’ എന്ന ആശയം ഉൾക്കൊണ്ടാണ് വൈപ്പിൻ ജെട്ടി മുതൽ മുനമ്പം ജെട്ടിവരെ 25.50 കിലോമീറ്റർ നീളത്തിൽ റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചതെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.

കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ (കെ.എസ്.ടി.പി) ഉൾപ്പെടുത്തിയതോടെ പരമാവധി റോഡ് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. ഇതിന്റെ ഭാഗമായി, കാലപ്പഴക്കം മൂലം നശിച്ച മൂന്നു കലുങ്കുകൾ പുനർനിർമ്മിച്ചു. മൊത്തത്തിൽ ഏകദേശം ഏഴു കിലോമീറ്റർ വീതി വർധിപ്പിച്ചെന്നും പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക റിപ്പോർട്ട് വ്യക്തമാക്കുന്നു