കോവിഡാനന്തരം നാട് അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം ലക്ഷ്യമിട്ട് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അവതരിപ്പിച്ചു. 41,19,92,000 രൂപ വരവും, അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ഒരു സന്തുലിത ബഡ്ജറ്റാണ് സമര്‍പ്പിച്ചത്.
സ്വന്തമായി വീടില്ലാത്തവര്‍ക്ക് അടച്ചുറപ്പുള്ള ഭവനവും, ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പദ്ധതികള്‍, ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതി, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗക്കാരുടെ ഉന്നമനം, ടൂറിസം മേഖലയുടെ വികസനം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ പുരോഗതി, തുടങ്ങിയവയ്ക്ക് ആവിശ്യമായ സമഗ്ര പദ്ധതികള്‍ ബജറ്റിലുണ്ട്. ഭവന നിര്‍മ്മാണത്തിനായി വിവിധ സ്രോതസ്സുകളിലായി 1,00,80,000 രൂപ വകയിരുത്തിയിട്ടുണ്ട്.
സ്ത്രീപക്ഷ സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ട് സ്ത്രീകള്‍ക്കായുള്ള നൂതന പദ്ധതികള്‍ക്കായി 3500000 രൂപ നീക്കിവെച്ചിട്ടുണ്ട്. കാലിത്തീറ്റ സബ്‌സിഡിക്കായി 5 ലക്ഷവും, പാലിന് സബ്‌സിഡിക്കായി 20 ലക്ഷവും, തീറ്റപുല്‍ കൃഷിക്കായി 2 ലക്ഷവും നീക്കിവെച്ചു. മൊബൈല്‍ വെറ്റിനറി ക്ലിനിക് തുടര്‍ പ്രവര്‍ത്തനത്തിനായി 12 ലക്ഷം രൂപയും നീക്കിവെച്ചു. അംഗന്‍വാടി കുട്ടികള്‍ക്കായി പോഷകാഹാരത്തിനായി 22 ലക്ഷം രൂപയും, ഭിന്നശേഷി സ്‌കോളര്‍ഷിപ്പിനായി 22 ലക്ഷം രൂപയും വിലയിരുത്തി, വിവിധ പഞ്ചായത്തുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഡയാലിസ് കേന്ദ്രത്തിന് ബ്ലോക്ക് വിഹിതം 15 ലക്ഷം രൂപ നീക്കിവെച്ചു, ഡയാലിസ് കേന്ദ്രത്തിലേക്ക് മരുന്നുവാങ്ങാന്‍ 8 ലക്ഷം രൂപയും, അമൃതകിരണം പാലിയേറ്റീവിനായി ബ്ലോക്ക് വിഹിതം 8 ലക്ഷം രൂപയും, പെരിയ സി എച്ച് സി യില്‍ മരുന്നു വാങ്ങാനായി 15 ലക്ഷം രൂപയും, സി എച്ച് സിയുടെ ദൈനംദിന ചെലവുകള്‍ക്കായി 10 ലക്ഷം രൂപയും നീക്കിവെച്ചു.
അഞ്ചു വര്‍ഷം കൊണ്ട് 50 പുതിയ ഗ്രാമീണ റോഡുകള്‍ എന്ന ലക്ഷ്യത്തോടുകൂടി 1 കോടി രൂപ റോഡ് നിര്‍മ്മാണത്തിനായി നീക്കിവെച്ചു. കുടിവെള്ള പദ്ധതിക്കായി 4222000 രൂപയും, ശുചിത്വ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് 42,22,000 രൂപയുടെ പദ്ധതിയും ലക്ഷ്യമിടുന്നു. വെളുത്തോളിയില്‍ സ്ഥാപിക്കുന്ന ബ്ലോക്ക്തല ആര്‍ ആര്‍ എഫ് ന്റെ തുടര്‍ പ്രവര്‍ത്തനത്തിനായി 26 ലക്ഷവും വകയിരുത്തി. ടൂറിസം മേഖലയുടെ ശാക്തീകരണത്തിനായി ഉദുമ കാപ്പില്‍ ബീച്ച് ടൂറിസ്റ്റുകള്‍ക്കായി ആധുനിക ശുചിത്വവും വിശ്രമകേന്ദ്രവും സ്ഥാപിക്കാന്‍ 25 ലക്ഷം കണക്കാക്കി. ആലൈ പരുത്തി പുഴ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കും. സാക്ഷരതാ മേഖലയില്‍ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതിനായി ഒന്നര ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാനായി 45 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ ഭവന മേഖലയ്ക്ക് 3424000 രൂപയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ മണികണ്ഠന്‍ അധ്യക്ഷനായി. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ സീതാ, എം വിജയന്‍ ,എം അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ പി ശ്രീലക്ഷ്മി, ടി ശോഭ, പ്രീത, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.