ഇനിയുള്ള ലക്ഷ്യം വിപണി തിരിച്ചുപിടിക്കല്‍; കെല്‍ ഇഎംഎല്‍ ചെയര്‍മാന്‍ എപിഎം മുഹമ്മദ് ഹനീഷ്

കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ ഏപ്രില്‍ 1ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇനിയുള്ള നാളുകള്‍ തൊഴിലാളികളുടെ കര്‍മശേഷി ഉപയോഗപ്പെടുത്തിയും മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയും വിപണികള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് കെല്‍ ഇഎംഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

സാങ്കേതിക മേഖലയിലും റെയില്‍വെയിലും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിപണിയുടെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാനാണ് കെല്‍ ഇ എം എല്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട, ആശകളെല്ലാം ഇല്ലാതായ ഒരു സ്ഥാപനം മണ്ണില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. രാഷ്ട്രീയനേതൃത്വവും, ജനങ്ങളും, സംഘടനാ നേതൃത്വവും, തൊഴിലാളികളും, നല്ലവരായ നാട്ടുകാരുമാണ് അതിന് കാരണക്കാരായത്.

കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്ത് 2020, 2021 വര്‍ഷങ്ങളില്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ ഓഹരി തിരികെ നല്‍കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സംരംഭമായി കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ഒരു ഉപകമ്പനിയായി കെല്‍ ഇഎംഎല്‍ എന്ന പേരിലാണ് പുതിയ കമ്പനി രൂപം കൊള്ളുന്നത്. കമ്പനിയുടെ രൂപീകരണ വേളയില്‍ ധാരാളം പ്രശ്നങ്ങള്‍ നേരിട്ടുണ്ട്.

സാങ്കേതിക സാമ്പത്തിക പ്രയാസങ്ങള്‍, തൊഴിലാളികള്‍ നേരിട്ട ദൈന്യതയുടെ നാളുകള്‍, ഇവയെല്ലാം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് സമര്‍പ്പിച്ചു. ഈ പാക്കേജ് ഉപയോഗിച്ച് 2020 മാര്‍ച്ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളകുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുവാനും അതിനുശേഷം കൊവിഡ് കാലത്ത് ഒരു പാക്കേജിന്റെ അടിസ്ഥാനത്തില്‍ ബാക്കി നിശ്ചിത ശതമാനത്തില്‍ തുക കൊടുക്കുവാനും ഗ്രാറ്റിയുവിറ്റി, പിഎഫ്, അനുവദിക്കാനും മുന്‍ഗണനാ ക്രമത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ച് വരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കാസര്‍കോടും തിരുവനന്തപുരത്തും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിരവധി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കാന്‍ ശ്രമിച്ചു. കമ്പനിയില്‍ അറ്റകുറ്റപണികളെല്ലാം തീര്‍ത്തുകൊണ്ട് മെഷീനുകളെല്ലാം പൂര്‍ണസജ്ജമാക്കിക്കൊണ്ടാണ് ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കെല്‍ ഇഎംഎല്‍ സംസ്ഥാനത്തിനു വേണ്ടിയും രാഷ്ട്രത്തിന് വേണ്ടിയും സമര്‍പ്പിക്കുന്നത്. തീര്‍ച്ചയായും കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരവും വ്യവസായ വകുപ്പിനെ സംബന്ധിച്ചിടത്തോളം സന്തോഷകരവുമായ നിമിഷമാണ് വരുന്നതെന്ന് കെല്‍ ഇഎംഎല്‍ ചെയര്‍മാന്‍ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.