പശ്ചാത്തല, ഉത്പാദന, സേവന മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി വലിയപറമ്പ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക ബജറ്റ്. പ്രാരംഭ ബാക്കി ഉള്‍പ്പെടെ 14,25,93000 രൂപ വരവും, 14,25,13288 രൂപ ചെലവും 768201 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് വാര്‍ഷിക ബജറ്റ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അധ്യക്ഷനായി.
പശ്ചാത്തല മേഖലയില്‍ 1,47,11000 രൂപയും ഉല്പാദന മേഖലയില്‍ 46,08000 രൂപയും സേവന മേഖലയില്‍ 5,87,42000 രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

റോഡ് മെയിന്റന്‍സിനായി 52,34000 രൂപയും ബജറ്റില്‍ വകയിരുത്തി. ലൈഫ് ഭവന നിര്‍മ്മാണത്തിന് 52 ലക്ഷം, പുലിമുട്ടില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടു കൂടിയ ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കും. വാര്‍ഡുകളില്‍ മിനി എംസിഎഫ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ, എംസിഎഫ് കെട്ടിട നിര്‍മ്മാണം 15 ലക്ഷം രൂപ, കുടിവെള്ള വിതരണം 17 ലക്ഷം രൂപയും നീക്കി വെച്ചു. പഞ്ചായത്തില്‍ വരാതെ പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ (ഐഎല്‍ജിഎംഎസ്) ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും. സ്ട്രീറ്റ് ടൂറിസം പദ്ധതിയില്‍ അനന്ത സാധ്യതകളുള്ളതിനാല്‍ സ്ഥലം കണ്ടെത്തി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

വലിയപറമ്പയുടെ മുഖച്ഛായ മാറ്റുന്ന മാസ്റ്റര്‍പ്ലാന്‍,എല്ലാ വാര്‍ഡുകളിലും തെരുവിളക്ക്, കുടിവെള്ള വിതരണത്തിന് നൂതന മാര്‍ഗ്ഗങ്ങള്‍, വനിതാ ശാക്തീകരണത്തിന് കൂടുതല്‍ പദ്ധതികള്‍ എന്നിവ ബജറ്റിലുണ്ട്. പഞ്ചായത്ത് ഓഫീസ് രജതജൂബിലി മന്ദിരം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിന് വലിയപറമ്പ ചേറ്റാവി സംരക്ഷിച്ച് ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കും. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തടയാന്‍ വിപുലമായ പദ്ധതി ആവിഷ്‌കരിക്കും.

വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന വലിയപറമ്പ പാലത്തിനു സമീപം പാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പൊതു റോഡുകളും കുളങ്ങള്‍, തോടുകള്‍ നവീകരണം നടത്തും. എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ആംബുലന്‍സ് നിരത്തിലിറക്കി ആവശ്യമായ ജീവനക്കാരെ നിയമിക്കും. വയോജനങ്ങള്‍ക്ക് വിശ്രമത്തിനും വിനോദത്തിനും പകല്‍ വീട്, പാര്‍ക്ക് എന്നിവ നിര്‍മിക്കും. പഞ്ചായത്തിനെ ജൈവ വൈവിധ്യ പഞ്ചായത്താക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കും. പ്രാദേശിക ജൈവ വൈവിധ്യ ഹെറിറ്റേജ് സൈറ്റാക്കി ഇടയിലെക്കാട് കാവിനെ പ്രഖ്യാപിക്കും.

വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ട്യാല, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ മല്ലിക, പഞ്ചായത്ത് അംഗം എം. അബ്ദുള്‍ സലാം, സെക്രട്ടറി വിനോദ് കുമാര്‍ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.