ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിയുമായി ജില്ലാ ഭരണകൂടം. ശനിയാഴ്ചകളിൽ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു വാർഡിലെ ഒരു തോടെങ്കിലും നവീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് നടക്കും. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കളമശ്ശേരി മണ്ഡലത്തിൽ ഓഞ്ഞിത്തോട് നവീകരിച്ച് മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിക്കും.

കാലവർഷത്തിനു മുമ്പ് തോടുകളിലെ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ , ചെളി, മണ്ണ് എന്നിവ നീക്കം ചെയ്യും. തോടുകളുടെ വെള്ളം ഉൾക്കൊള്ളാവുന്ന പരമാവധി ശേഷി വർധിപ്പിക്കും.

തോടുകൾ ഇല്ലാത്ത വാർഡുകളിലെ സന്നദ്ധ പ്രവർത്തകർക്ക് തൊട്ടടുത്ത വാർഡുകളിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. അതാത് വാർഡംഗത്തിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതികൾ പൂർത്തിയാക്കുക.ഗ്രാമ – മുൻസിപ്പൽ – കോർപ്പറേഷൻ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് എൽ എസ് ജി ഡി എൻജിനീയറിങ് വിഭാഗം നേതൃത്വം നൽകും .താഴെ തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗ്രാമ പഞ്ചായത്ത് തലത്തിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്കും മുനിസിപ്പൽ തലത്തിൽ മുനിസിപ്പൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ക്കും കോർപ്പറേഷൻ തലത്തിൽ കോർപ്പറേഷനിലെ സൂപ്രണ്ടിങ് എൻജിനീയർക്കും ആയിരിക്കും ചുമതല. ഒരു വാർഡിലൂടെ കടന്നുപോകുന്ന തോടുകൾ തിരഞ്ഞെടുക്കുമ്പോൾ മറ്റു വാർഡുകൾ ഇതേ തോട് തന്നെ തിരഞ്ഞെടുത്തായിരിക്കും പ്രവർത്തനം. ഒരു വാർഡിന് ഒരു തോട് എന്നാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും പ്രവർത്തകർക്ക് കൂടുതൽ തോടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

കുടുംബശ്രീ, സ്കൂളുകളിലെയും കോളേജുകളിലെയും എൻ എസ് എസ് വിഭാഗം , നെഹ്റു യുവകേന്ദ്ര , റസിഡന്റ്സ് അസോസിയേഷനുകൾ, പാടശേഖര സമിതികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെയും പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചായിരിക്കും പദ്ധതി നടപ്പാക്കും. ഏപ്രിൽ രണ്ടു മുതൽ മെയ് 30 വരെ പദ്ധതി നടപ്പിലാക്കും.