രണ്ട് വര്‍ഷത്തോളമായി പൂട്ടിക്കിടന്ന കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ബദ്രടുക്ക കെല്‍ ഇഎംഎല്ലിലെ ജീവനക്കാര്‍. ഏപ്രില്‍ ഒന്നിന് വീണ്ടും തൊഴില്‍രംഗത്തേക്ക് പ്രവേശിക്കുകയാണ്. ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതെ കഴിഞ്ഞ നാളുകള്‍ ഇവര്‍ക്ക് മറക്കാനാവില്ല. സ്ഥാപനം തുറക്കുമ്പോള്‍ ജീവനക്കാരായി ആകെ 114 പേര്‍ ഉണ്ടാവും. 2011 ല്‍ ഇരുന്നൂറോളം ജീവനക്കാരുണ്ടായ കമ്പനിയില്‍ 2020 ആവുമ്പോഴേക്ക് 138 പേരായി കുറഞ്ഞു. 2022 ഫെബ്രുവരിയില്‍ 22 പേര്‍ വിരമിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 77 കോടി രൂപയില്‍ ആദ്യഗഡുവായ 20 കോടി രൂപ വിനിയോഗിച്ച് സ്ഥാപനത്തില്‍ യന്ത്രങ്ങള്‍ നവീകരിച്ചു. കെട്ടിടത്തിന്റെ മോടി കൂട്ടി. ഒപ്പം തൊഴിലാളികള്‍ക്കുള്ള ശമ്പള ആനുകൂല്യ വിതരണത്തിനും തുക വിനിയോഗിക്കും. മാര്‍ച്ച് 14ന് ധാരണാ പത്രം ഒപ്പിട്ടതോടെ തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട ഊര്‍ജം തിരികെ കിട്ടി. . തൊഴിലാളികളുടെ വിഷമ ഘട്ടം തിരിച്ചറിഞ്ഞ് കമ്പനിയെ ഏറ്റെടുത്ത് പുതുജീവന്‍ നല്‍കിയ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുകയാണ് കെല്‍ ഇഎംഎല്ലില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാരനായ സുരേഷ് കുമാര്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സ്ഥാപനം ഇനിയും മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും സുരേഷ് പറഞ്ഞു.
കമ്പനിയിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദപ്രദമായ ദിവസമാണ് ഏപ്രില്‍ ഒന്ന് എന്ന് ഫിനാന്‍സ് വിഭാഗത്തിലെ വി രത്നാകരന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി കടുത്ത പ്രതിസന്ധിയിലായിരുന്നു. പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനത്തെ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. കമ്പനി തുറക്കുക എന്നതാണ് ഓരോ ജീവനക്കാരന്റെയും ആവശ്യം. അതിനായി തൊഴിലാളികള്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ പ്രധാന വ്യവസായ സ്ഥാപനം എന്ന നിലയില്‍ കെല്‍ ഇ എം എല്‍ ഭാവിയില്‍ ഏറെ പുരോഗതി കൈവരിക്കുമെന്നും രത്നാകരന്‍ അഭിപ്രായപ്പെട്ടു.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചതിലും ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതിലും സന്തോഷമുണ്ടെന്ന് കെല്‍ ഇഎംഎല്ലിലെ മെഷീനിസ്റ്റ് ടി വി ബേബി പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്പനി യാഥാര്‍ഥ്യമായിരിക്കുന്നതെന്നും ബേബി പറഞ്ഞു.