ഇടുക്കി ജില്ലയിലെ 162 പരീക്ഷ കേന്ദ്രങ്ങളിലായി 11628 കുട്ടികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. മാർച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടത്തുന്നത്. 11628 കുട്ടികളില്‍ 3,391 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നും 7,371 പേര്‍ എയ്ഡഡില്‍നിന്നും 661 പേര്‍ അണ്‍ എയ്ഡഡില്‍നിന്നും 205 പേര്‍ ഐ.എച്ച്.ആര്‍.ഡിയില്‍ നിന്നുമാണ്. 1654 പട്ടികജാതി വിദ്യാര്‍ഥികളും 661 പട്ടികവര്‍ഗ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ മേഖലയില്‍ 79 ഉം എയ്ഡഡില്‍ 70ഉം അണ്‍ എയ്ഡഡില്‍ എട്ടും ഐ.എച്ച്.ആര്‍.ഡിയില്‍ അഞ്ചും പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ കല്ലാറില്‍ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കല്ലാര്‍ ജി.എച്ച്.എസാണ്: 378 പേര്‍. എയ്ഡഡില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.എസും (322) അണ്‍ എയ്ഡഡില്‍ കട്ടപ്പന ഒ.ഇ.എം.എസ്.എച്ചും (171),ഐ.എച്ച്.ആര്‍.ഡിയില്‍ അടിമാലി ടി.എച്ച്.എസും (84) ആണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ യഥാക്രമം ശാന്തന്‍പാറ ജി.എച്ച്.എസിലും (അഞ്ച് കുട്ടികള്‍), മുക്കുളം എസ്.ജി.എച്ച്.എസിലും (ആറ്), നെടുങ്കണ്ടം എസ്.ടി.എയും (മൂന്ന്), പുറപ്പുഴ ജി.ടി.എച്ച്.എസിലും (25) ആണ്.
പരീക്ഷ നടത്തിപ്പിനായി 162 സൂപ്രണ്ടുമാരെയും 1132 ഇന്‍വിജിലേറ്റര്‍മാരെയും ജില്ലയില്‍ നിയമിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളായി സ്‌കൂളുകളെ 47 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് 27 ബാങ്കുകളുടെയും 14 ട്രഷറികളുടെയും സ്ട്രോങ് റൂമുകളും ലഭ്യമാക്കിയിട്ടുണ്ട്. വൈകല്യമുള്ള 575 കുട്ടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സവിശേഷ സഹായം ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും ക്രമീകരണത്തിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയില്‍ ജില്ലാ പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ ട്രഷറി ഓഫീസര്‍, ലീഡ് ബാങ്ക് മാനേജര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, സൂപ്രണ്ട് പോസ്റ്റല്‍ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി മാര്‍ച്ച് 25 ന് ഓണ്‍ലൈനായി മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്ന് പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. കൂടാതെ മാര്‍ച്ച് 29 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരുടെയും ചീഫ് സുപ്രണ്ടുമാരുടെയും യോഗം ചേര്‍ന്ന് പരീക്ഷയുടെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പൂര്‍ണമായി മാറിയിട്ടില്ലാത്തതിനാല്‍ കഴിഞ്ഞതവണ പരീക്ഷക്ക് സ്വീകരിച്ച മുന്‍കരുതലുകളും മാനദണ്ഡങ്ങളും പൂര്‍ണമായും ഇത്തവണയും തുടരുമെന്നും ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് അറിയിച്ചു.