ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന രഹന മറിയം നൂർ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും. ഒരു അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന തന്റെ ആറു വയസുകാരിയായ മകൾക്കും കോളേജിലെ വിദ്യാർഥിനിക്കും വേണ്ടി നീതിക്കായി നടത്തുന്ന പോരാട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ, സ്ത്രീകളുടെ മാനസിക-സാമൂഹിക സംഘർഷങ്ങൾ, ലിംഗ വിവേചനം എന്നിവ സിനിമ തുറന്നുകാട്ടുന്നു.

ഓസ്കർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ളാദേശി ചിത്രം എന്നീ ബഹുമതികൾ സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ അബ്‍ദുള്ള മുഹമ്മദ് സാദാണ്.ഏഷ്യാ പസഫിക് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ച് ജനപ്രീതി നേടിയിരുന്നു.

സരിത തിയറ്ററിൽ വെള്ളിയാഴ്ച (ഏപ്രിൽ 1) രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.