രാജ്യത്ത് ആദ്യമായാണ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകജാലക സംവിധാനം

അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (31.03.2022 വ്യാഴം) വൈകിട്ട് 3.30-ന് മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത്തരത്തില്‍ ഒരു ഏകജാലക സംവിധാനം ലോകത്തിലെ തന്നെ ആദ്യത്തേതായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡെല്‍സ), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) എന്നിവയുടെ സഹകരണത്തോടെയാണ് അതിഥി ദേവോ ഭവഃ എന്ന പേരില്‍ ഏകജാലക സംവിധാനം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് നിന്നും ജോലിക്കായി ജില്ലയിലെത്തുന്ന തൊഴിലാളികളുടെ എല്ലാവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും ഈ ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കുകയും അതിവേഗം നടപ്പാക്കുകയും ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭാവിയില്‍ ഇത് സംസ്ഥാനത്തിന്റെ തന്നെ നോഡല്‍ ഓഫീസായി മാറുമെന്നും, എല്‍.എന്‍.ജി പെട്രോനെറ്റിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഓഫീസ് സമുച്ചയം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ ജഡ്ജും സെഷന്‍സ് ജഡ്ജുമായ ഹണി എം.വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ഈ ഓഫീസിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കും. ഒപ്പം മൈഗ്രന്റ് ലിങ്ക് വര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. കെല്‍സ മെമ്പര്‍ സെക്രട്ടറിയും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാര്‍ അഹമ്മദ് മുഖ്യാതിഥിയാകും. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ പി.എം.സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ, മുന്‍ ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലില്‍, സെന്റര്‍ ഫോര്‍ മൈഗ്രന്റ് ആന്റ് ഇന്‍ക്ലൂസിവ് ഡവലപ്പ്മെന്റ് ഓഫീസര്‍ ബിനോയി പീറ്റര്‍, പെട്രോനെറ്റ് പ്രതിനിധി തുടങ്ങിയവരും പങ്കെടുക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍ അറിയിച്ചു.