സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് മുൻഗണന നൽകുമെന്നും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അവർക്കായി ഒരുക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ഭിന്നശേഷിക്കാർക്ക് മൂചക്ര വാഹനങ്ങൾ നൽകുന്ന രാജഹംസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പദ്ധതികളിലൂടെ ഭിന്നശേഷി ക്കാർക്ക് പരിമിതികളെ അതിജീവിച്ച് പൊതു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരകമാകുമെന്നും മന്ത്രി പറഞ്ഞു. പാമ്പാക്കുട സ്വദേശിനിയായ ആൽഫിയ ജയിംസിന് ആദ്യ വാഹനം ചടങ്ങിൽ കൈമാറി.കളക്ടറേറ്റിൽ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. 95 പേർക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്യുന്നത്. ചടങ്ങിൽ 18 പേർക്ക് വാഹനങ്ങൾ കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ നൽകും.