നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന തലത്തില്‍ 51 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പശ്ചാത്തല സൗകര്യം വര്‍ധിക്കുക എന്നത് നാടിന്റെ ആവശ്യമാണ്. നമ്മുടെ നാട് ഏറ്റവും പ്രയാസകരമായി അനുഭവപ്പെടുന്നത് സാമ്പത്തിക വിഷയമാണ്. നമ്മുടെ ഖജനാവ് നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശേഷിച്ചതല്ല. ഖജനാവിന്റെ ശേഷി അനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സംസ്ഥാനം പലകാര്യങ്ങളിലും പിന്നോട്ട് പോകും. അത് മനസിലാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വലിയ സാമ്പത്തിക ശ്രോതസ്സ് എന്ന നിലയില്‍ കിഫ്ബി പുനരുജ്ജീവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയ നഷ്ടം കുറക്കാനാണ് വേഗതയുള്ള റെയിലിനെ കുറിച്ച് ചിന്തിക്കുന്നത്. കേരളത്തിലുള്ള റെയില്‍പാതയില്‍ വേഗത കൂട്ടുക ബുദ്ധിമുട്ടാണ്. അവിടെയാണ് പുതിയ റെയില്‍ പാതയെ കുറിച്ച് ആലോചിക്കുന്നത്. നമ്മുടെ നാടിന്റെ വികസനത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് ഇത്തരം കാര്യങ്ങള്‍. വികസനം കാലാനുസൃതമായി മാറേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. നാടിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍, ബാധ്യതപ്പെട്ടവരാണ്; അതില്‍ നിന്ന് മാറി നില്‍ക്കരുത്. ഏതാനം ചിലര്‍ എതിര്‍ക്കുന്നു എന്നുള്ളതുകൊണ്ട് ഏതിര്‍പ്പുകളെ തുടര്‍ന്ന് മാറി നില്‍ക്കലല്ല. നാടിന് ആവശ്യമാണെങ്കില്‍, ജനങ്ങള്‍ക്കും നാടിന്റെ നാളേക്കും ആവശ്യമാണെങ്കില്‍ ആ പദ്ധതി നടപ്പാക്കുക അതിനാവശ്യമായതെല്ലാം ചെയ്യുക എന്നത് സര്‍ക്കാരിന്റെ പ്രാഥമികമായ ബാധ്യതയാണ്്. അതില്‍ നിന്നും ഒളിച്ചോടുന്നത് സര്‍ക്കാരിന്റെ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശിയപാത, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുതി പവ്വര്‍ ഗ്രിഡ് തുടങ്ങി മുടങ്ങി കിടന്ന പദ്ധതികള്‍ ജനങ്ങളുടെ സഹകരണത്തോടെയും നാടിന്റെ പിന്തുണയോടെയും യാഥാര്‍ത്ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ രണ്ടു റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. തൊടുപുഴ-പുളിയന്‍മല റോഡിന്റെ പ്രാദേശിക ശിലാഫലക അനാച്ഛാദനം മൂലമറ്റം അശോക ജംഗ്ഷനില്‍ മന്ത്രി റോഷി അഗസ്റ്റിനും മുറിഞ്ഞപുഴ – മതമ്പ റോഡിന്റെ ശിലാഫലക അനാച്ഛാദനം കണയങ്കവയലില്‍ നടത്തിയ ചടങ്ങില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും നിര്‍വ്വഹിച്ചു.

ജില്ലയില്‍ റോഡ് നിര്‍മ്മാണ രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നവീകരിച്ച തൊടുപുഴ – പുളിയന്‍മല റോഡിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി പോലുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് റോഡുകള്‍ നിലവാരമുള്ളയായിമാറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വികസന രംഗത്തെ സൂചികയില്‍ നമ്മുടെ സംസ്ഥാനത്തെ ഏറെ മുന്നില്‍ എത്തിക്കും. നിലവില്‍ തൊടുപുഴ – പുളിയന്‍മല റോഡിന്റെ 39 കിലോ മീറ്റര്‍ ദൂരമായ പാറമട വരെയാണ് നവീകരിച്ചിരിക്കുന്നത്. പാറമട മുതലുള്ള നവീകരണത്തിനായി 2 കോടി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് കെ.കെ. ഷാമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തൊടുപുഴ, കോട്ടയം, മൂലമറ്റം, മുട്ടം എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുവാനുള്ള ഏറ്റവും പ്രധാന പാതയാണ് തൊടുപുഴ – പുളിയന്‍മല റോഡ്. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാമിലേക്കും ഏളുപ്പത്തില്‍ എത്താനാകും. റോഡിന്റെ 33 കിലോമീറ്റര്‍ ദൂരത്തില്‍ നവീകരണത്തിനായി അഞ്ച് കോടി രൂപയ്ക്കാണ് 2020ല്‍ ഭരണാനുമതി ലഭിച്ചത്. ഇതുപയോഗിച്ച് റോഡിലെ അറ്റകുറ്റപണികള്‍, കലുങ്കുകളുടെ നിര്‍മ്മാണം, വശങ്ങളിലെ സംരക്ഷണഭിത്തികള്‍, ഓടകളുടെ നിര്‍മ്മാണം, റോഡ് മാര്‍ക്കിങ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

മുറിഞ്ഞപുഴ – മതമ്പ റോഡിന് മൂന്നു കോടി രൂപ കൂടി അനുവദിച്ചതായി വാഴൂര്‍ സോമന്‍ എംഎല്‍എ. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നവീകരിച്ച മുറിഞ്ഞപുഴ – മതമ്പ റോഡിന്റെ ഉദ്ഘാടനം ചടങ്ങില്‍ കണയങ്കവയലില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിലെ റോഡുകള്‍ പലതും തകര്‍ന്നു കിടക്കുകയാണെന്നും അവയെല്ലാം ത്രിതല പഞ്ചായത്ത് മുഖേനയും പിഡബ്‌ള്യുഡി മുഖേനയും പി.എം.ജി.എ.സ്.വൈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചും നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികായണെന്നും എംഎല്‍എ പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ് അധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, ട്രാക്കോ കേബിള്‍ ചെയര്‍മാന്‍ അഡ്വ അലക്‌സ് കോഴിമല, ഇകെ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.