പീരുമേട് മണ്ഡലത്തിൽ നവീകരിച്ച മുറിഞ്ഞപുഴ – മതമ്പ റോഡിൻെറ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. സംസ്ഥാനത്ത് നവീകരണം പൂർത്തിയാക്കിയ 51 റോഡുകളുടെ ഉദ്‌ഘാടനത്തോടൊപ്പമാണ് ഈ പദ്ധതിയുടെ ഉദ്ഘാടനവും നടന്നത്. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കണയങ്കവയലിൽ പ്രാദേശികമായി നടന്ന ചടങ്ങിൽ വാഴൂർ സോമൻ എംഎൽഎ ഫലകം അനാച്ഛാദനം ചെയ്തു. മുറിഞ്ഞപുഴ – മതമ്പ റോഡിന് മൂന്നു കോടി രൂപ കൂടി അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. തോട്ടം മേഖലയിലെ തകർന്ന റോഡുകൾ ത്രിതല പഞ്ചായത്ത് മുഖേനയും പിഡബ്ള്യുഡി മുഖേനയും പി.എം.ജി.എ.സ്.വൈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചും നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും എംഎൽഎ പറഞ്ഞു. പ്രദേശിക യോഗത്തിന് അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ് അധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, ട്രാക്കോ കേബിൾ ചെയർമാൻ അഡ്വ അലക്സ് കോഴിമല, ഇ.കെ മാത്യു തുടങ്ങിയവർ പങ്കെടുത്തു.