ജെൻഡർ – പരിസ്ഥിതി – സംരംഭ സൗഹൃദ കാഴ്ചപ്പാടിന് ഊന്നൽ നൽകി 2022-23 വർഷത്തെ പൊന്നാനി നഗരസഭയുടെ വാർഷിക ബഡ്ജറ്റിന് കൗൺസിൽ അംഗീകാരം നൽകി. “വിജ്ഞാന വികസിത കേരളം, നവകാഴ്ചപാടുകളുടെ പൊന്നാനി” എന്നതാണ് ഇത്തവണത്തെ നഗരസഭാ ബജറ്റിൻ്റെ ഉള്ളടക്കം. 116 കോടിയുടെ വരവും ചെലവ് 107 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരമായത്.

ചമ്രവട്ടം ജങ്ഷനിൽ പുതിയ ബസ് സ്റ്റാൻ്റ്, നിലവിലെ നഗരസഭ ബസ് സ്റ്റാൻ്റ് നവീകരണം, സ്കിൽ പാർക്ക്, നിളയോര – ടൂറിസ വികസനം, സാംസ്ക്കാരിക ഇരിപ്പിടങ്ങൾ, ‘ഷീ-സ്കിൽ പൊന്നാനി’ സ്ത്രീ സംരംഭക പദ്ധതികൾ, വിമൻസ് റിഫ്രഷ്മെൻ്റ് സെൻ്റർ, തെരുവിൽ അലയുന്ന മാനസിക രോഗികൾക്കായി ഹാപ്പിനെസ് സെൻ്റർ, മുഹമ്മദാലി മൈതാന നവീകരണം, സാംസ്കാരിക പരിപാടികൾ, പട്ടികജാതി സമഗ്രജീവനോദ്ധാരണത്തിനായി മാനുഷം പദ്ധതി, ഡിജിറ്റൽ മാർക്കറ്റിങ്, ഫുൾ സ്റ്റാക്ക് ഡവലപ്പർ, ക്രിക്കറ്റ്, ഫുട്ബോൾ, കബഡി, ബാഡ്മിന്റൺ ഇനങ്ങളിൽ ഗെയിംസ് ഫെസ്റ്റ്, വായനശാലകളെ ജനകീയ വിജ്ഞാന കേന്ദ്രമാക്കി ഉയർത്തൽ, ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക് കഫ്റ്റീരിയ, എഗ് ഷോപ്പി പദ്ധതികൾ, മണൽ തൊഴിലാളികൾക്ക് ഇൻഷുറൻസ്, കർഷക പാർലിമെൻ്റ്, ഫാം ഫ്രഷ് @ ഹോം – ഗൃഹാങ്കണ പച്ചക്കറി തോട്ടം, വാട്ടർ എ.ടി.എം, മത്സ്യ തൊഴിലാളി വിഭാഗം വിദ്യാർത്ഥികൾക്കായി വിവിധ പദ്ധതികൾ, തൊഴിൽ മേളകൾ തുടങ്ങി വിവിധ നൂതന പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

9,42,47562 രൂപ മുന്നിരിപ്പും, 74,34,49462 രൂപ തന്നാണ്ട് വരവും, ഉൾപ്പെടെ മൊത്തം 83,76,97024 രൂപ വരവും,75, 21,02981 രൂപ ചെലവും, 8,55,94043 രൂപ നീക്കിയിരിപ്പമുള്ള 2021-22 വർഷത്തെ പുതുക്കിയ ബജറ്റും, 8,55,94043 രൂപ മുന്നിരിപ്പും, 107,69, 93 241 രൂപ തന്നാണ്ട് വരവും ഉൾപ്പെടെ മൊത്തം 116, 25,87284 രൂപ വരവും, 107,67,000 182 രൂപ ചെലവും 8,58,87102 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബഡ്ജറ്റ് നിർദേശങ്ങൾക്കുമാണ് അംഗീകാരമായത്.

നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ ബജറ്റ് കൗൺസിൽ അംഗീകാരത്തിനായി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.