സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താൻ ആഗസ്റ്റ് ഏഴിന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എ.വി. ധർമ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം 11 വരെ കേരളത്തിലുണ്ടാകും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളിൽ സന്ദർശനം നടത്തുക. ഏഴിന് വൈകീട്ട് ഏഴു മണിക്ക് സംസ്ഥാന റിലീഫ് കമ്മീഷണറുമായി സംഘം കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മുതൽ വിവിധ ജില്ലകളിലെ ദുരിതബാധിത മേഖലകളിൽ പര്യടനം നടത്തും.
ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലും സന്ദർശിക്കും. ആഗസ്റ്റ് ഒൻപതിന് രാവിലെ 11.30 കേന്ദ്രസംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.